പോലീസിന്റെ ചോദ്യങ്ങള്‍ കേട്ട് നാദിര്‍ഷ പേടിച്ചുവിറച്ചു: രക്ത സമ്മര്‍ദം കൂടി, ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
15 September 2017

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ചോദ്യം ചെയ്യാനായില്ല. ഇന്ന് രാവിലെ പത്തുമണിയോടെ ആലുവ പൊലീസ് ക്ലബ്ബിലെത്തിയ നാദിര്‍ഷയെ ചോദ്യം ചെയ്യാനുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം ഉയരുകയായിരുന്നു.

പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരെത്തിയാണ് നാദിര്‍ഷയെ പരിശോധിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നാദിര്‍ഷയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇനി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമേ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ ഉണ്ടാവുകയുള്ളൂ. ചോദ്യം ചെയ്യലിന് മുന്നോടിയായി നാദിര്‍ഷയുടെ രക്തസമ്മര്‍ദ്ദം ഉയരുകയും ഷുഗര്‍ ലെവല്‍ താഴുകയും ചെയ്തതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്ജ് പറഞ്ഞു.

ഇനി എന്ന് ചോദ്യം ചെയ്യുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്.

നേരത്തെ, ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷായ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവിലെ സ്ഥിതിയില്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്തതിനുശേഷം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.

നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍.

പിന്നീടു ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികള്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിര്‍ഷായുടെ മൊഴികളും പരിശോധിച്ച അന്വേഷണ സംഘത്തിനു പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യക്തമായി. ഇതോടെ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തയാറെടുത്തിരുന്നു.

എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ 18നു പരിഗണിക്കുന്നതിനായി മാറ്റിയ കോടതി, അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകണമെന്ന് നാദിര്‍ഷായോട് ആവശ്യപ്പെടുകയായിരുന്നു.