കൃത്യമായ തെളിവുകൾക്ക് മുന്നിലുള്ള ചോദ്യങ്ങൾക്ക് നാദിർഷയ്ക്ക് ഉത്തരം മുട്ടുമോ?

single-img
15 September 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ നാദിര്‍ഷയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാൻ ആവശ്യപ്പെട്ടത്.

കേസിൽ നാദിർഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അന്വേഷണ സംഘത്തിന് മുമ്പാകെ ഇന്ന് ഹാജരാകാൻ കോടതി ഉത്തരവിട്ടത്.

മുൻപ് ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പോലീസ് വാദം. കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവയാണ് കൈമാറിയത്. എന്നാൽ നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്.

മുൻകൂർ ജാമ്യപേക്ഷ ഈ മാസം 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിനാൽ അതുവരെ അറസ്റ്റ് ഉണ്ടാവില്ല.