മയക്കുമരുന്ന് വാങ്ങാന്‍ പണമില്ല: യുവാവ് 22കാരിയായ ഭാര്യയെ ഏഴ് സുഹൃത്തുക്കള്‍ക്ക് ‘പണയംവെച്ചു’

single-img
15 September 2017

ലുധിയാന: മയക്കുമരുന്ന് വാങ്ങാന്‍ പണത്തിനു വേണ്ടി യുവാവ് ഭാര്യയെ ഏഴ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു. ലുധിയാനയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയ സുഹൃത്തുക്കള്‍ ഇതുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കുകയായിരുന്നു.

ഒടുവില്‍ യുവാക്കളുടെ ഭീഷണി സഹിക്കാനാവാതെ യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബലാത്സംഗത്തിനും യുവതിയെ അപമാനിച്ചതിനുമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിയും ഏഴു കുറ്റവാളികളും ഒരേഗ്രാമക്കാരാണ്.

ക്രിമിനല്‍ ഗൂഢാലോചനയാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് തുടരുകയാണ്. മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാതെ വന്നപ്പോള്‍ ഭാര്യയെ നല്‍കാമെന്ന് പറഞ്ഞ് ഗ്രാമത്തിലെ യുവാക്കളില്‍ നിന്നും ഇയാള്‍ പണം കടം വാങ്ങുകയായിരുന്നെന്നാണ് വിവരം. ഈ പണത്തില്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനം വാങ്ങി വീട്ടിലെത്തിയ യുവാവ് ഭാര്യയെ യുവാക്കള്‍ക്ക് കാഴ്ചവെക്കുകയായിരുന്നു.

2011 ലായിരുന്നു യുവതിയും മയക്കുമരുന്നിന് അടിമയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത്. 17 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ യുവതിയുടെ മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് ഇവരെ ഉപേക്ഷിച്ചു പോവുകയായിരുന്നു. പിന്നീട് യുവതിയെ വളര്‍ത്തുകയും വിവാഹം കഴിച്ചു വിട്ടതും മുത്തച്ഛനായിരുന്നു. വിവാഹം കഴിഞ്ഞായിരുന്നു കൊച്ചുമകളുടെ ഭര്‍ത്താവ് മയക്കുമരുന്നിനടിമയാണെന്ന് തിരിച്ചറിഞ്ഞതെന്ന് മുത്തച്ഛന്‍ പറയുന്നു.

അതേസമയം നേരത്തേ അപകടത്തില്‍ പെട്ട സഹോദരന്റെ ചികിത്സാര്‍ത്ഥമാണ് യുവാവ് കൂട്ടുകാരില്‍ നിന്നും പണം വാങ്ങിയതെന്നും കടം വീട്ടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഭാര്യയെ പണയം വെച്ചതെന്നും അത് ദുരുപയോഗം ചെയ്ത കൂട്ടുകാര്‍ യുവതിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നെന്നുമാണ് യുവതിയുടെ ബന്ധുവിന്റെ മൊഴി.