തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ

single-img
15 September 2017

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. ഉപതെരഞ്ഞെടുപ്പു നടന്ന 12 ഇടങ്ങളില്‍ ആറു സീറ്റുകള്‍ വീതം ഇരുമുന്നണികളും നേടി. എന്നാല്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡടക്കം രണ്ടിടത്ത് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വെണ്മണി വെസ്റ്റ് വാര്‍ഡും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മാനിടും കുഴി വാര്‍ഡുമാണ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍പ്പെട്ട പാമ്പാടി കാരിക്കാമറ്റം വാര്‍ഡ് വന്‍ ഭൂരിപക്ഷത്തില്‍ സിപിഎം നിലനിര്‍ത്തി.

കഴിഞ്ഞ തവണ 90 വോട്ടിനു വിജയിച്ച ഇവിടെ ഇക്കുറി ഇടതു സ്ഥാനാര്‍ത്ഥി കെ എസ് മധുകുമാര്‍ 247 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോണ്‍ഗ്രസിലെ ഡെല്‍ജിത് സിങിനെയാണ് മധുകുമാര്‍ പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ പി കെ മണി മരിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

കൊല്ലം ജില്ലയിലെ തേവലക്കര ഗ്രാമപഞ്ചായത്ത് കോയിവിള വെസ്റ്റ് വാര്‍ഡില്‍ സിപിഐയിലെ സി. ഓമനക്കുട്ടനും ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തഴുത്തല സൗത്ത് വാര്‍ഡില്‍ സിപിഎമ്മിലെ ഹരിലാലും വിജയിച്ചു. ഇരുസീറ്റുകളും അതതു പാര്‍ട്ടികള്‍ നിലനിര്‍ത്തുകയായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ രാമന്തളി സെന്‍ട്രല്‍ വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്‍തുണയുള്ള ജനാരോഗ്യ സംരക്ഷണ സമിതി സ്ഥാനാര്‍ഥി കെ.പി.രാജേന്ദ്രകുമാര്‍ വിജയിച്ചു. ഭൂരിപക്ഷം 23. കോണ്‍ഗ്രസിലെ പ്രീത തെക്കെക്കൊട്ടാരത്തില്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. ഏഴിമല മാലിന്യപ്ലാന്റിനെതിരെയുള്ള സമരത്തിനു നേതൃത്വം നല്‍കിയത് ജനാരോഗ്യ സംരക്ഷണ സമിതിയാണ്.

വയനാട് ജില്ലയിലെ കല്‍പറ്റ നഗരസഭയിലെ മുണ്ടേരി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിലെ ബിന്ദു 98 വോട്ടിന് വിജയിച്ചു. കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്തിലെ പുറക്കാട് വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 215 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിത്തോട് രാഘവന്‍ ജയിച്ചു.

മലപ്പുറം ജില്ലയിലെ തിരൂര്‍ വാര്‍ഡില്‍ മുസ്ലിം ലീഗിലെ നെടിയില്‍ മുസ്തഫ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ചു. വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് 662, എല്‍ഡിഎഫ് 660, ബിജെപി 23 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. പെരുവള്ളൂര്‍ പഞ്ചായത്തിലെ കൊല്ലംചിന വാര്‍ഡില്‍ ലീഗിലെ കെ.ടി.ഖദീജ 469 വോട്ടിനു ജയിച്ചു. യുഡിഎഫ്612, എല്‍ഡിഎഫ്143, ബിജെപി50 എന്നിങ്ങനെയാണ് വോട്ടുനില. വാര്‍ഡ് ലീഗ് നിലനിര്‍ത്തി.

ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് 235 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎമ്മിന്റെ കുത്തക വാര്‍ഡിലാണ് കോണ്‍ഗ്രസിന്റെ വിജയം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ മാനിടംകുഴി വാര്‍ഡില്‍ എല്‍ ഡി എഫ് അട്ടിമറി വിജയമാണ് നേടിയത്.

എല്‍ ഡി എഫ് സ്വതന്ത്ര കുഞ്ഞുമോള്‍ ജോസ്145 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡി എഫിലെ സുധാകുമാരിയെ പരാജയപ്പെടുത്തിയത്. യുഡി എഫിന്റെ സിറ്റിംഗ് സീറ്റാണ് എല്‍ ഡി എഫ് പിടിച്ചെടുത്തത.് പ്രചരണത്തിന്റെ സമയത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഔദ്യോഗിക വാഹനത്തില്‍ ഇവിടെ പ്രചാരണത്തിനെത്തിയതും വിവാദമായിരുന്നു.