ചികിത്സിക്കാൻ പണമില്ല; യോഗിയും കൈവിട്ടു: ക്യാൻസർ ബാധിച്ച മകനെ ദയാവധം ചെയ്യാൻ അനുവാദം തേടി രാഷ്ട്രപതിയ്ക്ക് യു പി സ്വദേശിനിയുടെ കത്ത്

single-img
15 September 2017

ത്വക്കിൽ ക്യാൻസർ ബാധിച്ച പത്തുവയസ്സുകാരനായ തന്റെ മകനെ ദയാവധം നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശുകാരിയായ യുവതി രാഷ്ട്രപതിയ്ക്ക് കത്തെഴുതി. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നും ജാനകി എന്ന സ്ത്രീയാണു തന്റെ മകനെ ചികിത്സിക്കാൻ പണമില്ലാത്തതിനാൽ ദയാവധത്തിനു അനുമതി നൽകണമെന്ന് അപേക്ഷിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കത്തെഴുതിയത്.

ജാനകിയുടെ മകനു ത്വക്കിൽ ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ച ഡോക്ടർ അവരോട് പതിനഞ്ചു ദിവസത്തേയ്ക്ക് താൻ ലീവിൽ ആയിരിക്കുമെന്നും അതുകഴിഞ്ഞു വന്നു കാണുവാനും ആവശ്യപ്പെട്ടു.  ചികിത്സയ്ക്കായി പതിനായിരം രൂപയും ഡോക്ടർ ആവശ്യപ്പെട്ടു.

ചികിത്സയ്ക്ക് പണം കണ്ടെത്താൻ വഴികളൊന്നുമില്ലാതെ വന്നപ്പോൾ ജാനകി ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ കളക്ടർ, ജില്ലാ മജിസ്ട്രേറ്റ്, ഡെപ്യൂട്ടി മുഖ്യമന്ത്രി ദിനേശ് ശർമ്മ, കല്യാൺപൂരിൽ നിന്നുള്ള ബിജെപി എം എൽ ഏ നീലിമ കതിയാർ എന്നിവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

ജാനകിയെ സഹായിക്കാൻ സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണമനുവദിക്കണമെന്നപേക്ഷിച്ചുകൊണ്ട് എം എൽ ഏ നീലിമ കതിയാർ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു ഇക്കഴിഞ്ഞ മേയ് മാസം 14-നു ഒരു കത്തെഴുതിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

സ്വന്തമായി വീടോ വരുമാനമോ ഇല്ലാത്ത ജാനകിയ്ക്ക് അഭയം നൽകിയിരിക്കുന്നത് അമർനാഥ് പുരി എന്ന സന്യാസിയാണു. തന്റെ ആശ്രമത്തിൽ ലഭിക്കുന്ന ചെറിയ സംഭാവനകൾ ഉപയോഗിച്ചാണു ജാനകിയുടേയും മകന്റേയും ഭക്ഷണത്തിനും മരുന്നിനുമുള്ള തുക കണ്ടേത്തുന്നതെന്ന് മഹന്ത് അമർനാഥ് പുരി പറഞ്ഞതായി ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ് കാൺപൂർ സന്ദർശിക്കുന്നതിന്റെ മുന്നോടിയായാണു ജാനകി ഈ കത്തയച്ചിരിക്കുന്നത്.