പണിയെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് ശമ്പളം നല്‍കരുതെന്ന് കമല്‍ഹാസന്‍

single-img
15 September 2017

ചെന്നൈ: പണിയെടുക്കാത്തവര്‍ക്ക് പ്രതിഫലമില്ലെന്ന തത്വം റിസോര്‍ട്ടുകളില്‍ വിശ്രമിക്കുന്ന, കുതിരക്കച്ചവടം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും ബാധകമല്ലേയെന്ന് കമല്‍ഹാസന്‍. തന്റെ ട്വിറ്ററിലൂടെയാണ് ജനപ്രതിനിധികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഇത് ബാധകം. അത് പാടില്ലെന്നും പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും വേതനം നല്‍കരുതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു. കൂടാതെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എംഎല്‍എമാര്‍ക്ക് സമാനമായ താക്കീതു നല്‍കാന്‍ ഞാന്‍ കോടതിയോട് അപേക്ഷിക്കുന്നുവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.

സമരത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ക്കെതിരെ കമല്‍ഹാസന്‍ പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.