‘രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു’: കണ്ടുനിന്നവര്‍ രംഗം മൊബൈലില്‍ പകര്‍ത്തിയതല്ലാതെ സഹായിച്ചില്ല: ടിപ്പറിടിച്ച് 45 മിനിട്ടോളം റോഡില്‍ കിടന്ന 25കാരി ചോരവാര്‍ന്ന് മരിച്ചു

single-img
15 September 2017

ചണ്ഡിഗഡിലെ ബകര്‍പുര്‍ ജില്ലയില്‍ എയര്‍പോര്‍ട്ട് റോഡിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച സംഭവം നടന്നത്. താമസസ്ഥലത്ത് നിന്നും മൊഹാലിയിലെ ഓഫീസിലേക്ക് പോകുമ്പോള്‍ 25കാരിയായ അമന്‍ദീപ് കൗര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അമന്‍ദീപും പിന്നിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയും റോഡിലേക്ക് തെറിച്ചു വീണു. എന്നാല്‍ ഇവരെ ഇടിച്ച ടിപ്പര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ചോരയില്‍കുളിച്ച് റോഡില്‍കിടന്ന ഇരുവരെയും സഹായിക്കാന്‍ അതുവഴി പോയ ആരും തയ്യാറായില്ല.

രക്ഷപ്പെടുത്തണം എന്ന് ഇവര്‍ കേണപേക്ഷിച്ചെങ്കിലും വഴിയാത്രക്കാരായ ചിലര്‍ യുവതിയുടെ ഫോട്ടോയും വീഡിയോയുമെടുത്ത് പോവുകയായിരുന്നു. ഒടുവില്‍ ഒരു ബന്ധു എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും അമന്‍ദീപിന്റെ മരണം സംഭവിച്ചിരുന്നു.

45 മിനിട്ടോളമാണ് ഇവര്‍ ചോരവാര്‍ന്ന് റോഡില്‍ കിടന്നത്. അമന്‍ദീപിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ദാരുണ സംഭവം. അമന്‍ദീപിന്റെ സഹപ്രവര്‍ത്തക ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.