അമേരിക്കയെ ചാരമാക്കുമെന്നും ജപ്പാനെ കടലില്‍ മുക്കുമെന്നും ഉത്തരകൊറിയ

single-img
14 September 2017

പ്യോങ്യാങ്: ആണവായുധമുപയോഗിച്ച് ജപ്പാനെ കടലില്‍ മുക്കുമെന്നും അമേരിക്കയെ ചാരമാക്കുമെന്നും ഉത്തരകൊറിയയുടെ ഭീഷണി. യുഎന്‍ രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെയാണ് കടുത്ത മുന്നറിയിപ്പുമായി ഉത്തര കൊറിയ രംഗത്ത് എത്തിയിരിക്കുന്നത്.

‘ഞങ്ങളുടെ സമീപത്ത് ജപ്പാന്‍ ഇനി ആവശ്യമില്ല. ജപ്പാന്റെ നാല് ദ്വീപുകളെ അണുബോംബിട്ടു കടലില്‍ മുക്കും. യുഎസിനെ ചാരമാക്കി ഇരുട്ടിലാക്കുമെന്നും ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.

വാചകമടി തുടര്‍ന്നാല്‍ യുഎസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പിനുശേഷമാണു പുതിയ ഭീഷണി. യുഎസ് അവരുടെ നിഷേധാത്മക നിലപാടു തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

നേരത്തെ, ആണവപദ്ധതിക്കു പണം കിട്ടാതാവുന്നതോടെ ഉത്തര കൊറിയ ചര്‍ച്ചയ്ക്കു വഴങ്ങുമെന്ന കണക്കുകൂട്ടലില്‍ കടുത്ത ഉപരോധ നടപടികളാണ് യുഎന്‍ രക്ഷാസമിതി സ്വീകരിച്ചത്. പ്രകൃതി വാതകം, എണ്ണയുടെ ഉപോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി പൂര്‍ണമായി വിലക്കി.

കല്‍ക്കരി കഴിഞ്ഞാല്‍ തുണിത്തരങ്ങളുടെ കയറ്റുമതിയാണു കൊറിയയുടെ പ്രധാന വരുമാനമാര്‍ഗം. ഇതും നിരോധിച്ചു. വിദേശത്തു ജോലി ചെയ്യുന്ന 93,000 കൊറിയന്‍ പൗരന്മാര്‍ നികുതിയിനത്തില്‍ അയയ്ക്കുന്ന തുകയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി.

എന്നാല്‍ യുഎന്‍ ഉപരോധത്തെ കടുത്ത ഭാഷയിലാണ് ഉത്തര കൊറിയ വിമര്‍ശിച്ചത്. അമേരിക്കയുടെ ‘കോഴ വാങ്ങിയ രാജ്യങ്ങള്‍’ ആണ് ഉപരോധത്തെ പിന്താങ്ങിയതെന്ന് ഉത്തര കൊറിയ ആരോപിച്ചു.