ഈ അദ്ഭുത ജീവി ഏത്?: കടല്‍ത്തീരത്ത് അടിഞ്ഞ നിഗൂഢ കടല്‍ജീവിയുടെ ചിത്രം വൈറലാകുന്നു

single-img
14 September 2017

ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ടെക്‌സാസിലെ കടല്‍ത്തീരത്ത് അടിഞ്ഞ നിഗൂഢ കടല്‍ജീവിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. കണ്ണുകള്‍ ഇല്ലാത്ത, ആരെയും കൊല്ലാന്‍ പറ്റിയ മൂര്‍ച്ചയുള്ള പല്ലുകളും നീണ്ട് പോകുന്ന വാലുമുള്ള ഈ അത്ഭുത ജീവിയേതാണെന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഈ ജീവിയെന്താണെന്ന് കണ്ടെത്താന്‍ ജീവശാസ്ത്രജ്ഞരുടെ സഹായമഭ്യര്‍ത്ഥിച്ച് ട്വീറ്ററിലൂടെ നാഷണല്‍ ഓഡോബോന്‍ സൊസൈറ്റിയിലെ പ്രീതി ദേശായി രംഗത്തെത്തി. ആദ്യ നോട്ടത്തില്‍ ഇത് കടലിലുള്ള ആരലാണെന്നാണ് തനിക്ക് തോന്നിയതെന്നും എന്നാല്‍ അടുത്ത് പോയി നോക്കിയപ്പോള്‍ ഇത് മറ്റേതോ ജീവിയാണെന്ന് മനസിലായെന്നും അവര്‍ പറയുന്നു. ബിബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ട്വിറ്ററില്‍ നിരവധി ഗവേഷകരും ശാസ്ത്രജ്ഞരും ഉള്ളതിനാല്‍ അവര്‍ വഴി ഈ ജീവിയെന്താണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രീതിയുടെ പ്രതീക്ഷ. അതേസമയം പ്രീതിക്ക് മറുപടിയുമായി ചില ജീവശാസ്ത്രജ്ഞരും രംഗത്തെത്തിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള ഈല്‍ ജീവി ആയിരിക്കുമെന്നാണ് പ്രീതിയുടെ ട്വീറ്റിനോട് ചില ബയോളജിസ്റ്റുകളുടെ പ്രതികരണം.

എന്നാല്‍ പാശ്ചാത്യ അറ്റ്‌ലാന്റിക് സമുദ്രത്തിലെ 30 മുതല്‍ 90 മീറ്റര്‍ വരെ ആഴത്തില്‍ സാധാരണയായി കാണപ്പെടുന്ന ‘ടാസ്‌കി’ ഈല്‍ എന്നറിയപ്പെടുന്ന ബാങ്ഈലാണ് ഇതെന്നുമുള്ള അഭിപ്രായങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ ഇവയ്ക്ക് കണ്ണില്ലെന്നാണ് നമുക്ക് തോന്നുകയെന്നും ചില ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അമേരിക്കയുടെ ടെക്‌സാസ് തീരത്തെത്തിയ ഹാര്‍വെ ചുഴലിക്കാറ്റ് നാശം വിതച്ചത്. നിരവധി പേരുടെ ജീവനുകളെടുത്ത ചുഴലിക്കാറ്റ് വിവിധ ജീവജാലങ്ങളെയും കരക്കടിച്ചിരുന്നു.