പാലക്കാട് വൃദ്ധദമ്പതികളെ കൊന്നത് മരുമകള്‍ പറഞ്ഞിട്ടെന്ന് പ്രതി: ‘ഷീജ തന്റെ കാമുകി; ഒരാളെ കൊന്നാല്‍ ഓട്ടോറിക്ഷ സമ്മാനം തരാമെന്നു പറഞ്ഞു’

single-img
14 September 2017

കുത്തനൂര്‍ തോലനൂരില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് മരുമകള്‍ ഷീജയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തെന്ന് അറസ്റ്റിലായ സദാനന്ദന്‍. ഷീജയുടെ തറവാട്ടുവീടായ മങ്കരയ്ക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന സദാനന്ദനുമായുള്ള അടുപ്പവും തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് പറയുന്നത്.

ഇന്നലെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. പുളിക്കപറമ്പ് അംബേദ്കര്‍ കോളനിയില്‍ വിമുക്തഭടന്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി (65) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനകത്തെ ഹാളില്‍ സ്വാമിനാഥന്‍ കുത്തേറ്റ നിലയിലും സമീപത്തെ മുറിയില്‍ പ്രേമകുമാരിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.

ഷീജയെ വീടിന്റെ പിന്‍ഭാഗത്ത് കൈയുംകാലും കൂട്ടികെട്ടിയ നിലയിലുമായിരുന്നു. ഷീജയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് വരുത്താനും ശ്രമമുണ്ടായി. എന്നാല്‍ പൊലീസിന്റെ തന്ത്രപരമായ ഇടപെടല്‍ കാര്യങ്ങള്‍ പൊളിച്ചു. ഷീജയുടെ മൊബൈല്‍ ഫോണാണ് സത്യം പുറത്തുകൊണ്ടു വന്നത്. വൈകുന്നേരത്തോടെ തന്നെ സദാനന്ദന്‍ പിടിയിലായി. ഇതോടെ കഥയിലെ വില്ലത്തി ഷീജയാണെന്നും പൊലീസ് തിരിച്ചറിഞ്ഞു.

19 വര്‍ഷംമുമ്പാണ് ഷീജയുടെ വിവാഹം കഴിഞ്ഞത്. സൈനിക ഉദ്യോഗസ്ഥനായ ഭര്‍ത്താവ് പ്രദീപ് ഗുജറാത്തിലാണ്. സ്വാമിനാഥനൊപ്പം കൊല്ലപ്പെട്ട ഭാര്യ പ്രേമകുമാരിയുടെ സഹോദരപുത്രിയാണു ഷീജയെങ്കിലും ഇവര്‍ തമ്മില്‍ യോജിപ്പില്‍ അല്ലായിരുന്നു.

അതിനാല്‍ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് പ്രതി സദാനന്ദന്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. അങ്ങനെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. സദാനന്ദന്‍ മുമ്പ് ചില കേസുകളില്‍ പ്രതിയായിരുന്നു. ഇത് മനസ്സിലാക്കിയാണ് ഇയാളുമായി ഷീജ അടുപ്പം കൂടിയത്.

പ്രണയക്കുരുക്കില്‍ വീഴ്ത്തിയ ശേഷം മോഹന വാഗ്ദാനങ്ങള്‍ നല്‍കി ക്വട്ടേഷന്‍ സദാനന്ദനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതിനിടെ സദാനന്ദന്‍ മൊബൈലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയായിരുന്നു. ഇതും വൈരാഗ്യത്തിന് ഇടയാക്കി.

കൊല്ലപ്പെട്ട സ്വാമിനാഥനും പ്രേമകുമാരിയും കല്യാണം കഴിഞ്ഞ അന്നുമുതല്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് ഷീജ ഇയാളോട് പറഞ്ഞിട്ടുള്ളതത്രെ. ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ ആരെയെങ്കിലും ഒരാളെ വകവരുത്തിയാല്‍ രണ്ടുമാസത്തിനകം തനിക്ക് ഓട്ടോറിക്ഷ വാങ്ങി നല്‍കാമെന്ന് ഷീജ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സദാനന്ദന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

കൂടാതെ രണ്ടുവര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവ് മിലിട്ടറിയില്‍നിന്നു വരുമെന്നും തുടര്‍ന്ന് വിദേശത്തേക്ക് പോവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇതോടെ ആറേക്കറോളം വരുന്ന തോട്ടത്തിന്റെ കാര്യസ്ഥനായി സദാനന്ദനെ നിയമിക്കാമെന്നും വാഗ്ദാനം ചെയ്‌തെന്നും പറയുന്നു.

ഇക്കഴിഞ്ഞ 31ന് സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതും താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ഈ ശ്രമം പൊളിഞ്ഞതോടെ ഷീജ ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാനെത്തി. അടുത്ത ശ്രമം പൊളിയില്ലെന്ന് ഉറപ്പാക്കാനായിരുന്നു ഇത്.

സംഭവദിവസം സദാനന്ദന് വീടിനകത്തേക്കു കയറാന്‍ വാതില്‍ തുറന്നുകൊടുത്തതും ഇവരാണെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് ശേഷമുള്ള അന്വേഷണത്തില്‍ ഇരുവരുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍നിന്നാണ് ഇവര്‍ തമ്മിലുള്ള ബന്ധവും മനസിലായത്.

തേനൂരില്‍നിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചിരുന്നെന്നു ഇതില്‍ നിന്നും വ്യക്തമാകുകയായിരുന്നു. ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു സംഭവം പഌന്‍ ചെയ്തത്. വൈകിട്ട് ഏഴോടെ തോലന്നൂരിലെത്തിയ സദാനന്ദന്‍ രാത്രി 12.30 വരെ ഇവരുടെ വീടിനുസമീപം കാത്തുനിന്നു. അതിനിടയില്‍ ഷീജയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം.

സംഭവത്തിനുശേഷം ഷീജയുടെ മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയി. മോഷണശ്രമം നടക്കാതിരുന്നതും വാതിലുകളൊന്നും തകര്‍ക്കാതെ കുറ്റവാളി അകത്തുകടന്നതും കരുതിക്കൂട്ടി വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടതും മുളകുപൊടി വിതറിയതുമൊക്കെയാണ് പോലീസിനു സംശയമുണ്ടാക്കിയത്.

തുടര്‍ന്ന് ഷീജയുടെ മൊബൈല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഓഗസ്റ്റിനുശേഷം ഷീജയും സദാനന്ദനും പുതിയ നമ്പറുകളില്‍നിന്നാണു വിളിച്ചതെന്ന് തെളിഞ്ഞു. സദാനന്ദന്റെ പഴയ നമ്പറില്‍ നിന്നുള്ള രണ്ടു വിളികളും ഇതിനിടയില്‍ കണ്ടെത്തി. ഇതോടെ സദാനന്ദനെ കസ്റ്റഡിയിലെടുത്തു. ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.