മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്തിന് ക്ഷേത്രദര്‍ശനം നടത്തി: സിപിഎം നാളെ ചര്‍ച്ച ചെയ്യും

single-img
14 September 2017

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം വിവാദമായ സാഹചര്യത്തില്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഈ വിഷയം ചര്‍ച്ച ചെയ്യും. മന്ത്രി ക്ഷേത്ര ദര്‍ശനം നടത്തിയതില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രിയുടെ ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് സിപിഎമ്മില്‍ അതൃപ്തി പുകഞ്ഞത്. സിപിഎം നേതാക്കള്‍ പൊതുവെ വിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയതാണു ചൂടേറിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്.

ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ളവരാണു വിവാദങ്ങളുണ്ടാക്കുന്നതെന്നാണു കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്കു യോജിച്ച നടപടിയല്ല ക്ഷേത്രദര്‍ശനമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍ പറഞ്ഞിരുന്നു.

കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമിരോഹിണി ദിവസമാണു ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ടു സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പൊതുയോഗത്തില്‍ പിന്നീടു പ്രസംഗിക്കുകയുമുണ്ടായി.