വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് തപാലില്‍ മനുഷ്യവിസര്‍ജ്യം അയച്ചു: പിന്നാലെ വധഭീഷണിയും

single-img
14 September 2017

സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനു വധഭീഷണി ഉയര്‍ത്തി കത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പി സി ജോര്‍ജ് എംഎല്‍എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തില്‍ ഇടപെട്ടതിനു ശേഷം തനിക്ക് പോസ്റ്റലായി മനുഷ്യ വിസര്‍ജ്യം ലഭിച്ചെന്നും കത്തുകളില്‍ അസഭ്യവര്‍ഷമാണെന്നും ജോസഫൈന്‍ പറയുന്നു. ഭീഷണി ഉയര്‍ന്നതുകൊണ്ട് തളരില്ല. ശക്തമായിത്തന്നെ മുന്നോട്ട് പോകും. തനിക്ക് മാത്രമല്ല, നടിക്ക് വേണ്ടി നിലയുറച്ചിട്ടുള്ള നിരവധി പേര്‍ക്കും ഭീഷണിയുണ്ടെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനു ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തിരുന്നു. തുടര്‍ന്നു വനിത കമ്മിഷനും പി.സി. ജോര്‍ജുമായി പരസ്യമായി ആരോപണ പ്രത്യാരോപണങ്ങളും നടന്നു. വാര്‍ത്താസമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നാണു വനിതാ കമ്മിഷന്‍ കണ്ടെത്തിയത്.