ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഖത്തറിനൊപ്പം അമേരിക്കയും രംഗത്ത്

single-img
14 September 2017

ഗള്‍ഫ് പ്രതിസന്ധി 100 ദിവസം പിന്നിട്ടതോടെ പരിഹാരം തേടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത് എത്തി. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനുമായി ട്രംപ് ടെലിഫോണില്‍ സംസാരിച്ചു. പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഇതു മൂന്നാം തവണയാണ് ട്രംപ് അബൂദബി കിരീടാവകാശിയുമായി സംസാരിക്കുന്നത്.

മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം അനിവാര്യമാണെന്ന തിരിച്ചറിവിന്റെ ബലത്തില്‍ ഖത്തറുമായുള്ള പ്രശ്‌നപരിഹാര ചര്‍ച്ചയുടെ സാധ്യതകളാണ് ട്രംപ് ആരാഞ്ഞതെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. തീവ്രവാദ ഘടകങ്ങള്‍ക്കുള്ള സഹായം നിര്‍ത്തലാക്കുന്നതുള്‍പ്പെടെ റിയാദ് പ്രഖ്യാപനത്തിന്റെ വികാരം ഉള്‍ക്കൊള്ളുന്നതായും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.

ഈ മാസം ആദ്യവാരം കുവൈത്ത് അമീറുമായി വാഷിങ്ടണില്‍ ട്രംപ് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ ഗള്‍ഫ് പ്രതിസന്ധി മൂന്നുമാസം പിന്നിട്ടതോടെ ഈജിപ്തിലെ കെയ്‌റോയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ തുറന്ന ചര്‍ച്ചക്ക് ഖത്തര്‍ ഒരുക്കമാണെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖി പറഞ്ഞു.

ഖത്തറിനെതിരായ ഉപരോധത്തിലൂടെ രാജ്യാന്തര നിയമങ്ങളെയാണ് ഉപരോധരാജ്യങ്ങള്‍ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടയില്‍ ഇറാനെ അംഗീകരിക്കേണ്ടതാണെന്ന ഖത്തര്‍ വിദേശകാര്യസഹമന്ത്രിയുടെ പ്രസ്താവനയെ സൗദി പ്രതിനിധി യോഗത്തില്‍ ചോദ്യം ചെയ്തു. ജി സി സി രാജ്യങ്ങളുമായി ഒത്തുപോകാത്ത നിലപാടാണ് ഇറാനുള്ളതെന്നായിരുന്നു സൗദി നിലപാട്.