ദിലീപിന്റെ ‘വരവ്’ തടയാന്‍ മഞ്ജുവും എത്തും; കൂട്ടിന് മോഹന്‍ ലാലും

single-img
14 September 2017

ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ മത്സരിക്കാനൊരുങ്ങുകയാണ്. ഒപ്പം മോഹന്‍ലാല്‍ കൂടി കളത്തിലിറങ്ങിയാല്‍ ഇവരില്‍ ആരുടെ കൂടെയാകും പ്രേഷകര്‍ നില്‍ക്കുക എന്നതാണ് ഇനി അറിയേണ്ടത്. സെപ്റ്റംബര്‍ അവസാനത്തെ ആഴ്ചയില്‍ പൂജയുടെ അവധി ലക്ഷ്യമാക്കി താരപോരാട്ടത്തിനായി തിയേറ്ററുകളിലേക്കെത്തുകയാണ് ഇവരുടെ സിനിമകള്‍. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള ആദ്യ നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് മലയാള ബോക്‌സ് ഓഫീസ് സാക്ഷിയാവുക.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോടുകൂടിയാണ് രാമലീല എന്ന സിനിമയുടെ റിലീസ് വൈകിയത്. ദിലീപ് ചിത്രമായ രാമലീല 28ാം തീയതി തിയേറ്ററുകളിലേക്കെത്തുമ്പോള്‍ നേരിടാന്‍ വില്ലനുമായി മോഹന്‍ലാലും ഉദാഹരണം സുജാതയായി മഞ്ജുവും കാത്തിരിക്കുകയാണ്. സെപ്തംബര്‍ 28ന് തന്നെയാണ് ഈ ചിത്രങ്ങളും ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

രാമലീല ചിത്രീകരണം പൂര്‍ത്തിയാക്കി അവസാന ഘട്ട മിനുക്ക് പണികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നായകന്‍ അറസ്റ്റിലായത്. പിന്നീട് ദിലീപിന് ജാമ്യം കിട്ടുന്ന മുറക്ക് ചിത്രം റിലീസ് ചെയ്യാനായിരുന്നു നിര്‍മാതാവായ ടോമിച്ചന്‍ മുളക്പാടം തീരുമാനിച്ചിരുന്നത്.

എന്നാല്‍ ജയില്‍വാസം അനന്തമായി നീണ്ടതോടെ കാര്യങ്ങള്‍ അവതാളത്തിലാവുകയിരുന്നു. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പൂജ അവധിക്ക് ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അരുണ്‍ ഗോപിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ടീം രാമലീല. എന്നാല്‍ ഈ പ്രതീക്ഷ എത്രമാത്രം വിജയിക്കുമെന്ന സംശയവുമുണ്ട്. കാരണം ദിലീപിനെതിരായ പൊതുജന വികാരം ശക്തമാണെന്നിരിക്കെ ഫാന്‍സിനപ്പുറത്തേക്ക് കുടുംബ പ്രേക്ഷകര്‍ എത്തുമോയെന്ന് കണ്ട് തന്നെ അറിയണം. 14 കോടി മുതല്‍ മുടക്കിലാണ് ടോമിച്ചന്‍ രാമലീല നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഉദാഹരണം സുജാത. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടുമാണ് നിര്‍മ്മിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മറുവശത്ത് വമ്പന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന വില്ലന്‍ മോഹന്‍ലാലിന്റെ പ്രതീക്ഷയാണ്. 100 കോടി ക്ലബില്‍ കയറുന്ന ചിത്രമാകും വില്ലനെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്.