മുഖ്യമന്ത്രിയില്‍ വിശ്വാസം, കേസില്‍ നിന്ന് പിന്‍മാറില്ല: നടിയുടെ സഹോദരന്‍

single-img
14 September 2017

തൃശൂര്‍: കേരള പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍. കേരള പോലീസില്‍ നിന്നും അന്വേഷണം സിബിഐയിലേക്ക് മാറ്റുന്നതിന് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും പോലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും പരിപൂര്‍ണ്ണ സംതൃപ്തരാണ്. അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരിക്കുന്നത് എന്നും നടിയുടെ സഹോദരന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കേസില്‍ നിന്ന് പിന്മാറില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ അദ്ദേഹം പിന്മാറാനായിരുന്നെങ്കില്‍ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകണമെന്നും നടിയുടെ സഹോദരന്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് നേരെ രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും ചോദിച്ചു.