തലശ്ശേരിയില്‍ നടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; അമ്മാവന്‍ അറസ്റ്റില്‍

single-img
13 September 2017

തലശ്ശേരി: നടി പ്രണതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മാതൃസഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്ഞാനോദയ യോഗം പ്രസിഡന്റ് കെ.പി രത്‌നാകരന്റെ മകന്‍ ഉണ്ണി എന്ന അരവിന്ദ് രത്‌നാകരനെ(38)യാണ് തലശ്ശേരി ടൗണ്‍ പോലീസ് അറസ്റ്റ് ചെയതത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛന്‍ കെ.പി.രത്‌നാകരനെ ശുശ്രൂഷിക്കാന്‍ ഹോളോവേ റോഡിലെ വീട്ടില്‍ എത്തിയതായിരുന്നു താനും അമ്മ രത്‌നപ്രഭയുമെന്നു പ്രണതി പരാതിയില്‍ പറയുന്നു.

എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അരവിന്ദ് രത്‌നാകര്‍ തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
പ്രതിക്കെതിരെ ഐ.പി.സി 323, 354 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിറകിലെന്നു പൊലീസ് പറഞ്ഞു. തനിക്കു പ്രിയപ്പെട്ട മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായാണ് അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ നിന്ന് ആഴ്ചകള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ വന്നതെന്നു പ്രണതി പറഞ്ഞു.

തങ്ങളോട് അമ്മാവനായ അരവിന്ദ് അസഹിഷ്ണുതയോടെയാണ് പെരുമാറിയിരുന്നത്. ഗത്യന്തരമില്ലാതെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും പ്രണതി പറഞ്ഞു. മലയാളത്തിലെ ‘ഫോര്‍ ദി പീപ്പിള്‍’ ഉള്‍പ്പടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ച പ്രണതി മുന്‍കാല മലയാള ചലച്ചിത്ര നടന്‍ ജോസിന്റെ മകളാണ്.