സസ്‌പെന്‍സിട്ട് പള്‍സര്‍ സുനി: നാദിര്‍ഷ പണം നല്‍കിയോ എന്ന ചോദ്യത്തിന് പോലീസ് എന്താണ് പറയുന്നത് നോക്കട്ടെ എന്ന് മറുപടി

single-img
13 September 2017

നടിയെ ആക്രമിച്ച സംഭവത്തില്‍ നാദിര്‍ഷയില്‍ നിന്നും പണം വാങ്ങിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. പോലീസ് എന്താണ് പറയുന്നത് നോക്കട്ടെ, അതിനു ശേഷം പറയാമെന്നായിരുന്നു സുനിയുടെ മറുപടി. രാവിലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം മടങ്ങുമ്പോഴാണ് സുനിയോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞത്.

നടിയെ ആക്രമിച്ച കേസില്‍ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. ഇവരുടെ റിമാന്‍ഡ് കാലവധി ഈ മാസം 27 വരെ നീട്ടി. നാദിര്‍ഷായ്‌ക്കെതിരെ പള്‍സര്‍ സുനിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

നടിയെ ആക്രമിക്കുന്നതിനു മുന്‍പ് തനിക്ക് നാദിര്‍ഷാ 25,000 രൂപ നല്‍കിയിരുന്നുവെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കയത്. നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തൊടുപുഴയിലുള്ള സെറ്റില്‍വെച്ചാണ് പണം കൈമാറിയതെന്നും മൊഴിയിലുണ്ടായിരുന്നു.

അതേസമയം, പള്‍സര്‍ സുനിയെ നിര്‍ബന്ധിപ്പിച്ച് തനിക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് പ്രേരിപ്പിക്കുകയാണെന്നാണ് നാദിര്‍ഷയുടെ വാദം. ഇന്ന് പരിഗണിക്കാനിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയിലും നാദിര്‍ഷ ഇക്കാര്യം തന്നെയാകും ചൂണ്ടിക്കാട്ടുക.