പാലക്കാട് വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

single-img
13 September 2017

പാലക്കാട് കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരാണു മരിച്ചത്. ആലത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട തോലന്നൂരിലാണ് സംഭവം. സ്വാമിനാഥനെ കഴുത്തറത്തും, ഭാര്യ പ്രേമയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

സംഭവ സമയത്ത് ഇവരുടെ മകന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഇവര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അനേഷ്രണം ആരംഭിച്ചു. ഒരാഴ്ച മുമ്പ് തങ്ങളുടെ ജീവനു ഭീഷണി ഉണ്ടെന്നും, ആരോ പിന്തുടരുന്നുണ്ടെന്നും കാണിച്ച് ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

സ്വാമിനാഥനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നതായും പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതി ഗൗനിച്ചില്ലെന്ന് ആരോപിച്ച് സ്ഥലത്തെത്തിയ പോലീസിനെ വീടിനുള്ളില്‍ കയറുന്നതിനെ നാട്ടുകാര്‍ തടഞ്ഞു. ഇവര്‍ കൊല്ലപ്പെട്ടതായി സമീപവാസികളാണ് പോലീസിനെ അറിയിച്ചത്. മലപ്പുറം എസ്ബി ദേബേഷ്‌കുമാര്‍ ബെഹ്‌റ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.