നാദിര്‍ഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി: ‘അറസ്റ്റ് ചെയ്യരുത്’

single-img
13 September 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വെള്ളിയാഴ്ച ഹാജരാകണമെന്നാണ് നാദിര്‍ഷയോട് കോടതി നിര്‍ദേശിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി അന്വേഷണസംഘത്തോട് നിര്‍ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി പൊലീസിനെയും സര്‍ക്കാറിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യലാണോ കേസന്വേഷണമെന്ന് കോടതി ചോദിച്ചു. ഈ കേസില്‍ അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്നും കോടതി ആരാഞ്ഞു. ആരെ തൃപ്തിപ്പെടുത്താനാണ് ഈ കേസന്വേഷണം.

കുറ്റപ്പത്രം കൊടുത്ത കേസിലെ പ്രതിയെ പലവട്ടം ചോദ്യം ചെയ്യുന്നത് ക്രിമിനല്‍ നടപടി ചട്ടത്തിലെ ഏത് വകുപ്പ് പ്രകാരമാണ്. ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണം കേസില്‍ നടക്കുന്നില്ല. റോഡിലിറങ്ങി ഹെല്‍മെറ്റ് വേട്ടയും സീറ്റ് ബെല്‍റ്റ് പരിശോധനയുമാണ് പൊലീസിന്റെ ജോലി. ടവര്‍ ലൊക്കേഷന്‍ മാത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണന്നും കോടതി ചോദിച്ചു.

കേസന്വേഷണത്തിന്റെ ഭാഗമായുള്ള വ്യക്തതക്കുവേണ്ടിയാണ് ചോദ്യം ചെയ്യുന്നതെന്നും രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡി.ജി.പി മറുപടി നല്‍കി. കേസുമായി സഹകരിക്കാമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും നാദിര്‍ഷയുടെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് സെപ്തംബര്‍ 15ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.

പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഈ കേസില്‍ മണിക്കൂറുകളോളം താന്‍ ചോദ്യം ചെയ്യലിന് വിധേയനായതാണ്. തനിക്കറിയാവുന്ന കാര്യങ്ങള്‍ അന്ന് തന്നെ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.

കേസന്വേഷണവുമായി താന്‍ സഹകരിച്ചു വരികയാണെന്നും നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നില്ല.

നാദിര്‍ഷയെ നേരത്തെ ചോദ്യം ചെയ്യവെ നല്‍കിയ മൊഴിയില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ട്. ദിലീപിന്റെ അറസ്റ്റിന് ശേഷം നാദിര്‍ഷയുടെ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷ തനിക്ക് പണം നല്‍കിയിരുന്നുവെന്ന് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു പണം കൈമാറിയതെന്നും മൊഴിയുണ്ട്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പോലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം വന്ന ശേഷം നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.