നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം സിനിമാക്കഥ പോലെയാണോയെന്ന് ഹൈക്കോടതി: ‘വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാകരുത് അന്വേഷണം’

single-img
13 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കേസിന്റെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പൊലീസിനെതിരെ ആഞ്ഞടിച്ചത്.

അന്വേഷണം സിനിമാക്കഥ പോലെയാണോയെന്നും ഇത് ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാണോയെന്നും കോടതി ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു.

അന്വേഷണം എന്നു തീരുമെന്ന ചോദ്യത്തിന് ഒരാഴ്ച്ചക്കുള്ളില്‍ അവസാനിക്കുമെന്ന മറുപടിയാണ് ഡിജിപി നല്‍കിയത്. നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ഡിജിപി കോടതിയെ അറിയിച്ചു. പ്രതി ചേര്‍ത്തിട്ടില്ലെങ്കില്‍ എന്തിനു വേണ്ടിയാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു.

നാദിര്‍ഷ ഈ മാസം 15ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പതിനെട്ടിലേക്ക് മാറ്റി. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാകരുത് അന്വേഷണം എന്ന് അഭിപ്രായപ്പെട്ട കോടതി അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കി.