കോണ്‍ഗ്രസില്‍ സമവായം: പുതിയ കെപിസിസി പ്രസിഡന്റിനെ വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുന്‍പ് അറിയാം

single-img
13 September 2017

സംഘടനാ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ സമവായം. പുതിയ കെപിസിസി പ്രസിഡന്റിനെ വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുന്‍പ് തീരുമാനിക്കും. മത്സരത്തിലേക്ക് പോകാതെ സമവായത്തിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിയിലെ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലെത്തിയതായാണ് സൂചന.

ഈ മാസം 20 നകം സംഘടനാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബൂത്ത് തലം മുതല്‍ കെ.പി.സി.സി തലംവരെ ഈ രീതിയിലാകും ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഇന്നു ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

നേതൃമാറ്റത്തെക്കുറിച്ച് യുഡിഎഫിലും കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടെയാണ് പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് എത്തുമെന്ന ആക്ഷാംക്ഷ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുണ്ട്.

ഉമ്മന്‍ചാണ്ടിയുടെ പേരാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്നതെങ്കിലും സ്ഥാനമാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍, ഹൈക്കമാന്‍ഡില്‍ നിന്നടക്കം ഇക്കാര്യത്തില്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ഉമ്മന്‍ചാണ്ടി നിലപാട് മാറ്റിയേക്കും. ഉമ്മന്‍ചാണ്ടി കെപിസിസി നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നില്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബെന്നി ബഹനാന്‍, എംഎം ഹസ്സന്‍ തുടങ്ങിയ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്.

വേങ്ങര ഉപതരെഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കാന്‍ ഇരു ഗ്രൂപ്പുകളുടെയും പ്രതിനിധികളെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തുമെന്നാണ് സൂചന. എന്നാല്‍ വി.എം സുധീരനും കെ. മുരളീധരനും ഒപ്പം നില്‍ക്കുന്നവര്‍ എന്ത് നിലപാട് സ്വീകരിക്കമെന്ന കാര്യത്തിലും ഇനി വ്യക്തത വരേണ്ടതുണ്ട്.