കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ

single-img
13 September 2017

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി രാജന്‍ തലശേരിയില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിബിഐ കോടതിയെ സമീപിച്ചിരിക്കുന്നത്.

സംഘാടകരിലൊരാളായി അവസാനം വരെ കാരായി അവാര്‍ഡ് ദാന വേദിയില്‍ സജീവമായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിലക്കുളളപ്പോഴാണ് ചടങ്ങില്‍ പങ്കെടുക്കുകയും രഹസ്യമായി പലരെയും കാണുകയും ചെയ്തത്.

എന്നാല്‍ താന്‍ കോടതിയുടെ അനുമതിയോടെ ജില്ലാപഞ്ചായത്ത് യോഗത്തിനു വന്നതാണെന്നും ബന്ധുക്കളും തന്റെ അഭിഭാഷകനും അവാര്‍ഡ് ദാനച്ചടങ്ങിലുണ്ടെന്നറിഞ്ഞ് അവിടെ പോയതാണ് എന്നുമായിരുന്നു കാരായി രാജന്റെ വിശദീകരണം. എന്നാല്‍, പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി ഇദ്ദേഹം കോടതിയില്‍നിന്ന് വാങ്ങിയിരുന്നില്ല.

തലശ്ശേരിയില്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസിലെ എട്ടാം പ്രതിയാണു കാരായി രാജന്‍. കേസില്‍ പ്രതിയായിരിക്കെ രാജന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കു വിജയിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് കാരായി രാജന് എറണാകുളം ജില്ല വിട്ടുപോകാന്‍ സി.ബി.ഐ. പ്രത്യേക കോടതി താത്കാലിക അനുമതി നല്‍കിയത്.

പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അച്ചടിസ്ഥാപനത്തില്‍ പ്രൂഫ് റീഡറായി ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്തു താമസിക്കാന്‍ അനുവാദം വേണമെന്നു കാരായി രാജന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. ഈ ആവശ്യം സി.ബി.ഐ. എതിര്‍ക്കാതിരുന്നതാണ് രാജന് അനുകൂലമായി വന്നത്. ചില വ്യവസ്ഥകളോടെയാണ് രാജനു ജില്ല വിടാന്‍ കോടതി അനുവാദം നല്‍കിയത്.