പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി കമല്‍ഹാസന്‍ വരുന്നു: പ്രഖ്യാപനം ഉടന്‍

single-img
13 September 2017

ചെന്നൈ: കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുത്ത് ഈ മാസം അവസാനം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കണ്ണുവെച്ചാണ് പെട്ടെന്നു തന്നെ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുന്നതെന്നും പാര്‍ട്ടി രൂപീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിജയദശമി ദിനത്തിലോ ഗാന്ധി ജയന്തി ദിനത്തിലോ പ്രഖ്യാപനമുണ്ടാകുമെന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഡി.എം.കെയോ എ.ഐ.ഡി.എം.കെ വിഭാഗങ്ങളോ വന്‍ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇതാണ് രാഷ്ട്രീയ രംഗപ്രവേശനത്തിനുള്ള അനുയോജ്യ സമയമെന്നാണ് അദ്ദേഹം കരുതുന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ശൂന്യതയാണ് അനുഭവപ്പെടുന്നത്. ആ സ്ഥാനം കൈയടക്കാനായാല്‍ വിജയിക്കാനാകുമെന്നാണ് കമല്‍ ഹാസന്റെ കണക്കുകൂട്ടല്‍. വിഷയത്തെ സംബന്ധിച്ച് ഫാന്‍സ് അസോസിയേഷന്റെ മുതിര്‍ന്ന ഭാരവാഹികളുമായും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും കമല്‍ ഹാസനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.