ചൈനയിലേത് നിലവാരമില്ലാത്ത പരിപാടിയെന്ന് കേന്ദ്രസര്‍ക്കാര്‍: മന്ത്രി കടകംപള്ളിക്ക് യാത്രാനുമതി നിഷേധിച്ചത് ഇക്കാരണത്താല്‍

single-img
13 September 2017

മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ്. പ്രോട്ടോകോള്‍ പ്രശ്‌നം മൂലമാണ് കടകംപളളിക്ക് അനുമതി നല്‍കാതിരുന്നത്. ചൈനയില്‍ മന്ത്രി കൂടികാഴ്ച നടത്തേണ്ടിയിരുന്നത് താഴ്ന്ന റാങ്കിലുളള ഉദ്യോഗസ്ഥരുമായാണ്. രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്നും, മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഇന്ത്യയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും വികെ സിങ് പറഞ്ഞു.

ഈ മാസം 11 മുതല്‍ 16 വരെ യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ചൈനയില്‍ സംഘടിപ്പിക്കുന്ന ലോക ടൂറിസം സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് കടകംപള്ളിക്ക് കേന്ദ്രം നിഷേധിച്ചത്. പ്രത്യേകിച്ച് വിശദീകരണം നല്‍കാതെയായിരുന്നു നടപടി. ഈ തീരുമാനം രാജ്യത്തിനു മോശമാണെന്നും സങ്കുചിത രാഷ്ട്രീയചിന്ത നാടിന്റെ നല്ല കാര്യങ്ങള്‍ക്കു ഗുണകരമല്ലെന്നുമാണ് കടകംപള്ളി പ്രതികരിച്ചത്.

കടകംപള്ളിക്ക് അനുമതി നിഷേധിച്ചതു നിര്‍ഭാഗ്യകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. പക്ഷേ, അനുകൂല തീരുമാനമുണ്ടായിരുന്നില്ല.