ഞാനൊരു കൂലിപ്പണിക്കാരന്റെ മകനാണു, ദളിതനാണു: ജെ എൻ യു എസ് യു ജനറൽ സെക്രട്ടറി ദുഗ്ഗിരാള ശ്രീകൃഷ്ണ ഇ വാർത്തയോട്

single-img
13 September 2017

ജവഹർലാൽ നെഹ്രു സർവ്വകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിൽ ഇടതുസഖ്യം നേടിയ തിളക്കമാർന്ന വിജയത്തിലെ ഒരു കണ്ണിയാണു യൂണിയൻ ജനറൽ സെക്രട്ടറിയായി മത്സരിച്ചു വിജയിച്ച എസ് എഫ് ഐ പ്രവർത്തകനായ ദുഗ്ഗിരാള ശ്രീകൃഷ്ണ. ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രീകൃഷ്ണ, ജെ എൻ യൂവിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ പൊളിറ്റിക്കൽ സയൻസ് ഗവേഷണവിദ്യാർത്ഥിയാണു. വിനയം, കഠിനാധ്വാനം , ആത്മാർത്ഥത എന്നീ ഗുണങ്ങളാണു ശ്രീകൃഷ്ണയെ തന്റെ സഹപാഠികളുടെ കണ്ണിലുണ്ണിയാക്കുന്നത്.

“ഞാൻ വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നും വരുന്നയാളാണു. എന്റെയച്ഛൻ ഒരു കൂലിപ്പണിക്കാരനാണു. എന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണു ഞാൻ ഒരു ഗവേഷണവിദ്യാർത്ഥിയായതും, ജെ എൻ യു പോലൊരു ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുവരെ എത്തിയതും. എന്നെപ്പോലെയുള്ളവർക്ക് അവസരം നൽകുന്ന ഇടമാണു എസ് എഫ് ഐ എന്ന എന്റെ ധാരണ തെറ്റായില്ല,” ശ്രീകൃഷ്ണ പറയുന്നു.

ദുഗ്ഗിരാള ശ്രീകൃഷ്ണ എന്ന കഠിനാധ്വാനിയെപ്പറ്റി പറയാൻ സഹപാഠികൾക്ക് നൂറു നാവാണു. ഇക്കഴിഞ്ഞ യൂണിയനിൽ സ്കൂൾ സോഷ്യൽ സയൻസിൽ നിന്നുള്ള കൺവീനർ ആയിരുന്നു ശ്രീകൃഷ്ണ. വിദ്യാർത്ഥികൾക്ക് വേണ്ടി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന റീഡിംഗ് റൂ വേണമെന്ന ആവശ്യം ഉന്നയിക്കുകയും നടപ്പാക്കുകയും ചെയ്തതും ഡിപ്പാർട്ട്മെന്റിന്റെ ഒരുഭാഗത്ത് കാടുപിടിച്ചു കിടന്ന ഒരു സ്ഥലം വെട്ടിത്തെളിച്ചെടുത്ത് വിദ്യാർത്ഥികൾക്ക് വന്നിരിക്കാവുന്ന പാർക്ക് പോലെ ഒരു സ്ഥലം ഉണ്ടാക്കിയെടുത്തതും അടക്കം നിരവധി കാര്യങ്ങൾ ഇദ്ദേഹത്തെക്കുറിച്ച് സഹപാഠികൾക്ക് പറയാനുണ്ട്. ഡിപ്പാർട്ട്മെന്റ് ഡീനിന്റെ മുറിയിൽ ഉപയോഗമില്ലാതെ പൊടിപിടിച്ചുകിടന്ന ഒരു ടെലിവിഷൻ സ്ക്രീൻ ശ്രദ്ധയിൽപ്പെട്ടപ്പോൾ അത് എടുത്ത് ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് ടിവി കാണുന്നതിനായി സ്ഥാപിച്ചതും ഇദ്ദേഹത്തിന്റെ ആശയമാണു.

വിജയവാഡയ്ക്കടുത്തുള്ള ലിംഗമ്പള്ളി എന്ന ഗ്രാമത്തിൽ, ദുഗ്ഗിരാള വെങ്കയ്യ എന്ന സാധാരണക്കാരനായ തൊഴിലാളിയുടെ മകനായി ജനിച്ച ശ്രീകൃഷ്ണ, ഹൈദരബാദിലെ നിസാം കോളജിലാണു തന്റെ കലാലയ വിദ്യാഭ്യാസം ആരംഭിക്കുന്നത്. ബയോടെക്നോളജിയിൽ ബിരുദവിദ്യാർത്ഥിയായാണു തുടക്കമെങ്കിലും രണ്ടുവർഷത്തിനുശേഷം തന്റെ താൽപ്പര്യം സാമൂഹ്യശാസ്ത്രത്തിലാണെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം അംബേദ്കർ ഓപ്പൺ സർവ്വകലാശാലയിൽ സാമൂഹ്യശാസ്ത്രത്തിൽ ബിരുദത്തിനു ചേർന്നു. ബിരുദാനന്തര ബിരുദത്തിനു ജെ എൻ യൂവിലെത്തിയ ശ്രീകൃഷ്ണ, ജെ എൻ യൂവിൽ നിന്നുതന്നെ എം ഫിൽ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ  ഒന്നാം വർഷ പി എച്ച് ഡി വിദ്യാർത്ഥിയാണു.

ഹൈദരാബാദിൽ പഠിക്കുന്ന കാലത്ത് ഹോസ്റ്റൽ ചെലവുകൾക്കും മറ്റുമായി സിനിമയിൽ മേയ്ക്ക് അപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തിരുന്ന ദുഗ്ഗിരാള സംവിധായകൻ എസ് എസ്  രാജമൌലിയുടെ ഒരു ആരാധകനാണു. ഹോട്ടലിലെ പാർക്കിംഗിനു സഹായിക്കുന്നയാളായും കേറ്ററിംഗ് മേഖലയിലുമെല്ലാം ജോലിചെയ്താണു ദുഗ്ഗിരാള തന്റെ ദാരിദ്ര്യത്തെ നേരിട്ടത്. സാനിയ മിർസയുടെ കല്യാണത്തിന്റെ ഫംക്ഷനിൽ താനും ഒരു വെയിറ്റർ ആയിരുന്നുവെന്ന് ദുഗ്ഗിരാള ഓർക്കുന്നു.

ഡിഗ്രി കഴിഞ്ഞയുടൻ റെയില്വേയിൽ ജോലി കിട്ടിയെങ്കിലും ജെ എൻ യുവിൽ അഡ്മിഷൻ കിട്ടിയപ്പോൾ ദുഗ്ഗിരാള അതു തെരെഞ്ഞെടുക്കുകയായിരുന്നു. അടിച്ചമർത്തപ്പെട്ടവർക്കും കീഴാളർക്കും വേണ്ടി നിൽകൊള്ളുന്നു എന്നതാണു തന്നെ ഇടതു രാഷ്ട്രീയത്തിലേയ്ക്ക് ആകർഷിച്ചത് എന്ന് ദുഗ്ഗിരാള പറയുന്നു.

ക്യാമ്പസിൽ ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ബാപ്സ (Birsa Ambedkar Phule Students’ Association -BAPSA)യെക്കുറിച്ചു ചോദിച്ചപ്പോൾ ദുഗ്ഗിരാളയുടെ പ്രതികരണം ഇങ്ങനെ:

“ നമ്മുടേ പ്രധാന എതിരാളി എബിവിപിയാണു. കഴിഞ്ഞ ഇലക്ഷനിലും അതു വ്യക്തമായിരുന്നു. നമ്മൾക്കു പൊരുതാനുള്ളത് ഫാസിസ്റ്റ് ശക്തികളോടാണു. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെയാകെ അവരിൽ നിന്നും അവരുടെ കടന്നുകയറ്റത്തിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ബാപ്സ ദളിത് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സംഘടനയാണു. എനിക്ക് പറയാനുള്ളത് ഇതാണു. ഞാനുമൊരു ദളിതനാണു. ഇടതുപക്ഷവും ദളിതരുടെയും ആദിവാസികളുടേയും മറ്റ് അടിച്ചമർത്തപ്പെട്ടവരുടേയും അവകാശത്തിനുവേണ്ടി പോരാടുന്ന വിഭാഗം തന്നെയാണു.“

ക്യാമ്പസ് രാഷ്ട്രീയത്തിലേയ്ക്കു വരുന്നതിനെക്കാൾ ഒരു എഴുത്തുകാരനാകാനാണു തന്റെ ആഗ്രഹമെന്നാണു ദുഗ്ഗിരാള പറയുന്നത്.