ആള്‍ദൈവം ഗുര്‍മീതിന് ഓരോ ദിവസവും രാത്രി പുതിയ പെണ്‍കുട്ടികളെ വേണം: ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നത് സ്ത്രീകളുടെ ഗുണ്ടാസംഘം

single-img
13 September 2017

ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൃത്യമായ ചട്ടങ്ങള്‍ പാലിക്കാതെ ഗര്‍ഭം അലസിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഗുര്‍മീതിന് ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാ സംഘവുമുണ്ടായിരുന്നതായി ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഗുര്‍മീതിന് ദിവസവും പുതിയ പെണ്‍കുട്ടികളെയായിരുന്നു ആവശ്യം. പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് ആശ്രമത്തിലെ സന്യാസിനികളായ ഗുണ്ടകളായിരുന്നു. ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലി.

ആശ്രമത്തില്‍ അനുയായികളായി എത്തുന്ന പെണ്‍കുട്ടികളില്‍ സുന്ദരികളായവരെ തിരഞ്ഞുപിടിച്ച് ഗുര്‍മീതിന്റെ അടുത്ത് എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന് പുറമെ അവര്‍ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. രഹസ്യം മറ്റുള്ളവരോട് പറയുകയോ ഗുര്‍മീതിനെ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ ഗുണ്ടാ സംഘം ഗുര്‍മീതിന്റെ സന്യാസിനികളായാണ് അറിയപ്പെടുന്നത്. ആശ്രമത്തിനുള്ളില്‍ ഇവരെ തിരിച്ചറിയാവുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. ഇവരില്‍ ചിലര്‍ ഇപ്പോഴും ആശ്രമത്തിനുള്ളിലുണ്ടെന്നും മറ്റുള്ളവര്‍ ഗുര്‍മീത് അറസ്റ്റിലായതിന് പിന്നാലെ രക്ഷപ്പെട്ടുവെന്നുമാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാത്രമല്ല ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ നിരന്തരം രാഷ്ട്രീയക്കാര്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നുവെന്നും ഇവരെ പെണ്ണും പണവും മദ്യവും നല്‍കി ഗുര്‍മീത് സന്തോഷിപ്പിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തിയുള്ളയാളാണെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. പരിശോധനയില്‍ ഗുര്‍മീത് വളരെ ക്ഷീണിതനും ഉത്കണ്ഠാകുലനുമായി കാണപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാനസികരോഗ വിദഗ്ദ്ധന്‍ ഉള്‍പ്പെയുള്ള മെഡിക്കല്‍ സംഘമാണ് ഗുര്‍മീതിനെ പരിശോധിച്ചത്.

മാനസികാവസ്ഥ പരിശോധിച്ചതിന് ശേഷം ഗുര്‍മീതിന് പ്രത്യേക തരത്തിലുള്ള വിത്‌ഡ്രോവല്‍ സിന്‍ഡ്രം ഉണ്ടെന്നും കണ്ടെത്തി. ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് അസ്വസ്ഥനാണെന്നും അതിന് ചികിത്സ ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗുര്‍മീതിനെ ചികിത്സിക്കുക വെല്ലുവിളിയാണെന്നാണ് അവരുടെ അഭിപ്രായം.

അതേസമയം ഗുര്‍മീത് ലഹരിമരുന്നിന് അടിമയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഗുര്‍മീത് ഓസ്‌ട്രേലിയയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും സെക്‌സ് ടോണിക്കുകളും പതിവായി ഉപയോഗിച്ചിരുന്നുവെന്ന് ഗുര്‍മീതിന്റെ ആശ്രമത്തിലെ മുന്‍ അംഗം വെളിപ്പെടുത്തിയിരുന്നു.

ഇത് ശരിവെയ്ക്കുന്ന പരിശോധനാ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഗുര്‍മീതിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ട് പഞ്ചകുള സിബിഐ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്.