ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
13 September 2017

ഡല്‍ഹി: ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. മോചനദ്രവ്യം നല്‍കിയാണ് ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനമെന്ന വാര്‍ത്തകളോട് പ്രതികരിച്ചാണ് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗിന്റെ വിശദീകരണം. നയതന്ത്ര നീക്കങ്ങള്‍ നടത്തിയത് നിശബ്ദമായിട്ടാണെന്നും മന്ത്രി പറഞ്ഞു.

മോചിതനായി ഒമാനിലെ മസ്‌കറ്റിലെത്തിയ ഫാദര്‍ ടോം തുടര്‍ന്ന് സലേഷ്യന്‍ സന്യാസ സമൂഹത്തിന്റെ റോമിലെ ആസ്ഥാനത്തേക്ക് ഇന്നലെ വൈകുന്നേരം തിരിച്ചിരുന്നു. ഫാദര്‍ ടോം ഇന്ത്യയിലേക്ക് എത്തുന്നത് അദ്ദേഹത്തിന്റെ തീരുമാനമനുസരിച്ചാകുമെന്നും മന്ത്രി വികെ സിംഗ് പറഞ്ഞു.

അതേസമയം, ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്ലാതെയാണ് സാധ്യമായതെന്ന് കരുതുന്നത് വിഡ്ഢിത്തരമായിരിക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കത്തോലിക്ക സഭാ ആസ്ഥാനമായ വത്തിക്കാനില്‍ നിന്ന് നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഫാദര്‍ ടോം മോചിതനായതെന്നുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മലയാളി വൈദികന്റെ മോചനത്തിന് പിന്നില്‍ നടന്ന ഇടപെടലുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പുറത്തുപറയാനാകില്ല. രഹസ്യമാക്കി വെയ്‌ക്കേണ്ട കാര്യങ്ങള്‍ പരസ്യമാക്കാനാകില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

ഇന്നലെ രാവിലെയാണ് യെമനിലിലെ ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് ഫാദര്‍ ടോം മോചിതനായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖ്വാബൂസിന്റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് മലയാളി വൈദികന്റെ മോചനം സാധ്യമായത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫാദര്‍ ടോമിന്റെ മോചനത്തിനായി ശ്രമം നടത്തിവരുകയായിരുന്നു.