ദിലീപ് ചുവടുമാറ്റി: ജാമ്യാപേക്ഷ ഇന്ന് നല്‍കാത്തത് ‘തന്ത്രം’: ഇത്തവണ പുറത്തിറങ്ങാനായി കരുക്കള്‍ നീക്കുന്നത് വിദഗ്ദ്ധമായി

single-img
13 September 2017

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. സാങ്കേതിക കാരണങ്ങളാല്‍ ജാമ്യാപേക്ഷ നല്‍കുന്നത് ഒരു ദിവസത്തേക്ക് മാറ്റുകയാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ അറിയിച്ചു.

എന്നാല്‍, ഇന്ന് നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാലാണ് ദിലീപ് ജാമ്യ ഹര്‍ജി സമര്‍പിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നാണ് വിവരം. നാദിര്‍ഷയ്ക്ക് ജാമ്യം നല്‍കുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്കൂടി പഠിച്ച ശേഷമാകും ദിലീപ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയെന്നാണ് സൂചന.

ദിലീപുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളുടെ മറുവശം കോടതി മുന്‍പാകെ അവതരിപ്പിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ഇന്ന് ജാമ്യാപേക്ഷ സമര്‍പിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്താന്‍ അഭിഭാഷകരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്തിട്ടുള്ളത്. ദിലീപ് ജുഡീഷല്‍ കസ്റ്റഡിയില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.

അറസ്റ്റിലായി രണ്ടുമാസം പിന്നിട്ടതോടെയാണ് നാലാമത്തെ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ ഒരു തവണ സെഷന്‍സ് കോടതിയും പിന്നീട് രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അറസ്റ്റിലായിട്ട് 60 ദിവസങ്ങള്‍ കഴിഞ്ഞെന്നും അന്വേഷണത്തില്‍ പുതുതായൊന്നും ഇല്ലെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിക്കുക. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം.

അച്ഛന്റെ ശ്രാദ്ധകര്‍മങ്ങള്‍ക്കായി അങ്കമാലി മജിസ്‌ട്രേട്ട് കോടതി ഇളവ് അനുവദിച്ച കാര്യവും കോടതി പറഞ്ഞ വ്യവസ്ഥകള്‍ താന്‍ പാലിച്ച കാര്യവും ദിലീപ് ജാമ്യാപേക്ഷയില്‍ അറിയിക്കും. എന്നാല്‍, ജാമ്യം നല്‍കരുതെന്നാവും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുക. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അതിനാല്‍ ഈ അവസരത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

സിനിമാപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയ കാര്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും. ദിലീപിനെ പിന്തുണച്ച് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്താവനയും പ്രോസിക്യൂഷന്‍ ആയുധമാക്കും. ഗണേശിന്റെ പ്രസ്താവന ആസൂത്രിതവും പ്രതികളെ സഹായിക്കുന്നതിനും വേണ്ടിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യവും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കും.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും സംവിധായകനും നടനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായ്ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.

ഇതേതുടര്‍ന്നാണ് അറസ്റ്റ് ഒഴിവാക്കുന്നതിനായി നാദിര്‍ഷാ ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. അറസ്റ്റിന്റെ സൂചനകള്‍ വന്നതിനെ തുടര്‍ന്ന് നാദിര്‍ഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച നല്‍കിയെങ്കിലും ഇത് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു.