രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയ നേതാവ്; കുടുംബ പാരമ്പര്യംകൊണ്ട് മോദിയെ നേരിടാനാവില്ലെന്നും സ്മൃതി ഇറാനി

single-img
12 September 2017

ന്യൂഡല്‍ഹി: മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷപ്രതികരണവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയ നേതാവാണ്. കുടുംബ പാരമ്പര്യം കൊണ്ട് രാഹുല്‍ ഗാന്ധിക്ക് മോദിയെ നേരിടാനാവില്ലെന്നും സ്മൃതി പറഞ്ഞു.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയത്. രാഹുലിന്റെ പ്രസ്താവനകള്‍ കുമ്പസാരമാണെന്നും സ്മൃതി പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ട രാഹുല്‍ ഗാന്ധി എതിരാളികളെ ശകാരിച്ചുകൊണ്ട് ഒരു ഇടം കണ്ടെത്തുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാഹുലിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നുമാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലെ ബര്‍ക്ക്‌ലി സര്‍വ്വകലാശാലയില്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. ബിജെപി പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം അപകടമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.