ഗണപതി ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ച് പരസ്യം; ഓസ്ട്രേലിയന്‍ പരസ്യത്തിനെതിരെ പരാതിയുമായി ഇന്ത്യ

single-img
12 September 2017

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ പരാതിയുമായി ഇന്ത്യ. ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ചത്. കാന്‍ബറയിലെ ഇന്ത്യന്‍ എംബസിയാണ് ഇതുസംബന്ധിച്ച് ഓസീസ് സര്‍ക്കാരിന് പരാതി നല്‍കിയിരിക്കുന്നത്.

ഹിന്ദു മതാചാരപ്രകാരം ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് വിശ്വസിക്കുന്നത്. ഗണപതി ഒരിക്കലും മാംസാഹാരം കഴിക്കില്ല. ഇതു ഹിന്ദു ആചാരത്തിന് വിരുദ്ധമാണ്. അതിനാല്‍ ഈ പരസ്യം നിരോധിക്കണം എന്ന ആവശ്യമുന്നയിച്ചാണ് ഇന്ത്യക്കാര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്.

യേശു ക്രിസ്തു, ഗണപതി, അഫ്രോഡൈറ്റ്, സിയൂസ്, ബുദ്ധന്‍, മോസസ്, സയന്റോളജി സ്ഥാപകന്‍ എല്‍ റോണ്‍ ഹബ്ബാര്‍ഡ് തുടങ്ങിയ നാനമതവിഭാഗങ്ങളിലെ ദൈവസങ്കല്‍പങ്ങളും നിരീശ്വരവാദിയായ യുവതിയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍, സസ്യാഹാരിയായ ഗണപതി ആട്ടിറച്ചി കഴിക്കുന്നതാണ് വിശ്വാസികള്‍ക്കിടയില്‍ പ്രതിഷേധമുയരാന്‍ കാരണം.

ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
യേശു ക്രിസ്തു വെള്ളം വീഞ്ഞാക്കിയ കഥയാണ് ബൈബിള്‍ പറയുന്നത്. അത്ഭുത പ്രവൃത്തി തിരിച്ച് ചെയ്യുന്ന യേശുവിനെയാണ് പരസ്യത്തില്‍ കാണാന്‍ കഴിയുന്നത്. ഒപ്പമുള്ള ദേവിക്ക് സുരക്ഷിതയായി ഡ്രൈവ് ചെയ്തുന്നതിനായി വീഞ്ഞിനെ വെള്ളമാക്കുന്ന യേശു, ഒരു ഡേ കെയര്‍ സെന്റ്റില്‍ നിന്ന് ഒരു കുട്ടിയെ കൊണ്ടുവരേണ്ടതുണ്ടെന്നും അതിനാല്‍ തനിക്ക് വിരുന്നില്‍ പങ്കെടുക്കാനാവില്ലെന്നും ഫോണില്‍ വിളിച്ചറിയിക്കുന്ന പ്രവാചകന്‍ മുഹമ്മദ് എന്നിവരും പരസ്യത്തിലുണ്ട്.

https://youtu.be/n9UnNq9srog

ഓസ്ട്രേലിയയില്‍ ഇപ്പോള്‍ ഏറ്റവുമധികം വളര്‍ച്ച നേടുന്ന വിഭാഗത്തിലാണ് താന്‍ ഉള്‍പ്പെടുന്നതെന്ന് നിരീശ്വരവാദിയായ യുവതി അഭിമാനത്തോടെ പറയുമ്പോള്‍, നമുക്ക് നല്ലൊരു മാര്‍ക്കറ്റിങ് ടീമിനെ ആവശ്യമുണ്ടെന്ന് ഗണപതി പറയുന്നു. ഉടന്‍ തന്നെ എല്ലാവരും ഗ്ലാസ് ഉയര്‍ത്തി ചിയേര്‍സ് പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.

പരസ്യത്തിനെതിരെ 30 ലധികം പരാതികള്‍ ലഭിച്ചതായി ഓസ്ട്രേലിയലിലെ അഡ്വര്‍ട്ടൈസിങ് സ്റ്റാന്റേര്‍ഡ് ബ്യൂറോ പറഞ്ഞു. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിലൂടെ 4,400 പേരും ഇതിനെതിരെ രംഗത്തു വന്നു. ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഈ വിഷയം ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയും മീറ്റ് ആന്റ് ലൈവ്സ്റ്റോകിനോട് പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.