ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില രണ്ടു മാസത്തിനുള്ളില്‍ കൂടിയത് ലിറ്ററിന് ഏഴു രൂപ

single-img
12 September 2017

ഡല്‍ഹി: ദിവസം തോറും വില പുനഃക്രമീകരണം വന്നതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. പെട്രോളിന് രണ്ടു മാസത്തിനുള്ളില്‍ ലിറ്ററിന് ഏഴു രൂപയും ഡീസലിന് നാലു രൂപയുമാണ് വര്‍ധിച്ചത്. ദിവസേന വില മാറുന്നതിനാല്‍ വിലവര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും മാറുന്നത്. എന്നാല്‍, ഒരുമാസത്തെ കണക്കെടുക്കുമ്പോഴാണ് വന്‍മാറ്റം വ്യക്തമാവുന്നത്.

പെട്രോളിന് എട്ടു മാസത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ് പൊതുമേഖലയിലെ കമ്പനികളും റിലയന്‍സ് അടക്കമുള്ള സ്വകാര്യ കമ്പനികളും ഇപ്പോള്‍ ഈടാക്കുന്നത്. അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില താഴ്ന്നു നിൽക്കുമ്പോഴാണ് ദിവസവും പെട്രോള്‍ വില കൂട്ടുന്നത്. രാജ്യത്ത് ഏറ്റവും കൂടിയ പെട്രോള്‍ വിലയുള്ള മുംബൈയില്‍ 80 രൂപയോട് അടുത്തു. മുംബൈയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 79.41 രൂപയാണ് വില. കേന്ദ്ര, സംസ്ഥാന നികുതികള്‍ക്കു പുറമേ വരള്‍ച്ച സെസ് എന്ന പേരില്‍ അധികമായി ലിറ്ററിന് മൂന്നു രൂപ വീതവും വാങ്ങുന്നുണ്ട്.

കേരളത്തില്‍ പെട്രോളിനു താരതമ്യേന വിലക്കുറവുള്ള എറണാകുളത്ത് ലിറ്ററിന് 73.21 രൂപയായി ഉയര്‍ന്നു. ഡീസലിന് എറണാകുളത്ത് 62.86 രൂപയാണ്. മറ്റു പല ജില്ലകളിലും ചെറിയ തോതില്‍ വില ഇതിലും കൂടുതലാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് വില 70 രൂപ കടന്നു.

ലിറ്ററിന് 70.30 രൂപയാണ് രാജ്യതലസ്ഥാനത്ത് ഇന്നലത്തെ വില. കഴിഞ്ഞ എല്ലാ ദിവസങ്ങളിലും എണ്ണ വിതരണ കമ്പനികള്‍ തുടര്‍ച്ചയായി വില കൂട്ടുകയാണ്. പെട്രോള്‍, ഡീസല്‍ വില ഓരോ ദിവസവും പുനഃക്രമീകരിക്കുന്നത് ജൂണ്‍ 16 മുതലാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്.