ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി; കനത്ത സുരക്ഷയിൽ നഗരം

single-img
12 September 2017

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി. പുരോഗമ വാദികളായ സാഹിത്യകാരന്‍മാരും സാമൂഹ്യപ്രവര്‍ത്തകരും ഇടതു രാഷ്ട്രീയാനുഭാവികളും ചേര്‍ന്നു രൂപീകരിച്ച കൂട്ടായ്മയാണ് ഗൗരി ലങ്കേഷിനായി ബംഗളൂരു നഗരത്തില്‍ സംഘടിക്കുന്നത്. പ്രതിഷേധ റാലിയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

പി.സായിനാഥ്, പ്രശാന്ത് ഭൂഷണ്‍, മേധാ പട്ക്കര്‍, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. മജസ്റ്റിക് റയില്‍വെ സ്റ്റേഷനില്‍ നിന്നാണ് റാലി ആരംഭിക്കുന്നത്. തുടര്‍ന്ന് സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടില്‍ സാംസ്‌ക്കാരിക പരിപാടികളോടെ സമാപിക്കും. തെരുവു നാടകങ്ങളും സംഗീതപരിപാടികളും റാലിയോടനുബന്ധിച്ച് നടക്കും. റാലിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ബംഗളൂരു നഗരം.

കേസില്‍ സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന പാതകളിലെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടവരെ ചോദ്യം ചെയ്യലിനു വിധേയമാക്കും.

അതേസമയം ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സംഘപരിവാറാണെന്ന പരാമര്‍ശത്തില്‍ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക് ബിജെപി വക്കീല്‍ നോട്ടീസ് അയച്ചു. കര്‍ണാടക യുവമോര്‍ച്ച സെക്രട്ടറി കരുണാകര്‍ ഖസാലെയാണ് ഗുഹയുടെ പരാമര്‍ശത്തിനെതിരെ നോട്ടിസ് അയച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു ദിവസത്തിനുള്ളില്‍ ഗുഹ നിരുപാധികം മാപ്പുപറയണമെന്നാണ് യുവമോര്‍ച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നത്. അപ്രകാരം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. സ്‌ക്രോള്‍ ഡോട്ട് ഇന്‍ എന്ന ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തിലാണ് ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ സംഘപരിവാറാണെന്ന് ഗുഹ ആരോപിച്ചത്.