ശശികലയും ദിനകരനും അണ്ണാഡിഎംകെയില്‍ നിന്ന് പുറത്ത്

single-img
12 September 2017

ചെന്നൈ: ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.കെ. ശശികലയെ അണ്ണാ ഡിഎംകെ പുറത്താക്കി. അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ വി.കെ. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുന്നതായി പ്രമേയം പാസാക്കി. എതിര്‍ സ്വരമുയര്‍ത്തിയ ടി.ടി.വി. ദിനകരനേയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ദിനകരന്‍ നിയോഗിച്ച പാര്‍ട്ടി ഭാരവാഹികളേയും നീക്കാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. ജയലളിതയെ സ്ഥിരം ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ജയലളിത നിയമിച്ച ഭാരവാഹികളും പാര്‍ട്ടിയില്‍ നിലനില്‍ക്കുമെന്ന് രണ്ടില ചിഹ്നം വീണ്ടെടുക്കണമെന്നും അണ്ണാ ഡിഎംകെ പ്രമേയം വ്യക്തമാക്കി.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍, ശശികലയും ടി.ടി.വി.ദിനകരനും ചേര്‍ന്ന് നിയമിച്ച എല്ലാവരേയും യോഗം പുറത്താക്കിയിട്ടുണ്ട്. ശശികല ജനറല്‍ സെക്രട്ടറി ആയതോടെ തന്റെ അടുപ്പകാരെ പാര്‍ട്ടി നേതൃത്വത്തില്‍ അവര്‍ നിയമിത്തിരുന്നു. ജയലളിത നിയമിച്ച എല്ലാ ഭാരവാഹികളും തുടരാനും ധാരണയായിട്ടുണ്ട്. ജനറല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ഉദയകുമാര്‍ പറഞ്ഞു. പാര്‍ട്ടി ചിഹ്നമായ രണ്ടില വീണ്ടെടുക്കാനാവും ഇനിയുള്ള ശ്രമമെന്നും ദിനകരന്‍ നടത്തുന്ന പ്രസ്താവനകള്‍ പാര്‍ട്ടിയുടേതല്ലെന്നും ഉദയകുമാര്‍ വ്യക്തമാക്കി.

ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 90 ശതമാനത്തിലേറെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. മുതിര്‍ന്ന നേതാവ് ഇ.മധുസൂദനന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് ദിനകരന്‍ പക്ഷം കോടതിയെ സമീപിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി അനുകൂലമായി പ്രതികരിച്ചില്ല.

അതേസമയം ജനറല്‍ സെക്രട്ടറിയുടെ അധികാരങ്ങള്‍ പാര്‍ട്ടിയുടെ സ്റ്റിയറിങ് കോ ഓര്‍ഡിനേറ്ററായ ഒ. പനീര്‍സെല്‍വത്തിലേക്ക് വന്നുചേരുമെന്നാണ് അറിയുന്നതും. എടപ്പാടി പളനിസ്വാമിയാണ് അസ്റ്റിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും നയിക്കുന്ന സമിതിയാകും പാര്‍ട്ടിയെ തുടര്‍ന്ന് നയിക്കുക. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും എടുക്കാനുമുളള അധികാരം ഇനി ഇവര്‍ക്കായിരിക്കും.

നേരത്തെ, രാത്രിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ തടയണമെന്ന ദിനകരന്‍ പക്ഷത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളിയത്. പി.വെട്രിവേല്‍ എംഎല്‍യുടെ ഹര്‍ജി രാവിലെ തന്നെ സിംഗിള്‍ ബെഞ്ച് തള്ളുകയും കോടതിയുടെ സമയം നഷ്ടമാക്കിയതിന് ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വെട്രിവേല്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചതോടെയാണു ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു കൈമാറിയത്. രാത്രിവരെ നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ സിംഗിള്‍ ബെഞ്ച് വിധി ശരിവയ്ക്കുകയായിരുന്നു.

എന്നാല്‍, കൗണ്‍സില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ കോടതിയാവും അന്തിമ വിധി പുറപ്പെടുവിക്കുക. 24നു ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ഇന്നത്തെ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനിടെ, ജനറല്‍ കൗണ്‍സില്‍ സ്റ്റേ ചെയ്ത് ബംഗലൂരു സിറ്റി സെഷന്‍സ് കോടതി ഉത്തരവിട്ടെങ്കിലും ഹൈക്കോടതി വിധിയോടെ അത് അസാധുവായി. ജനറല്‍ കൗണ്‍സിലും എക്സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറിലധികം പാര്‍ട്ടി ഭാരവാഹികളാണ് പങ്കെടുക്കുന്നത്.