ഖത്തറിനുമേല്‍ സൗദി സഖ്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ട് നൂറുദിവസം; പ്രതിസന്ധികളും നേട്ടങ്ങളുടേതാക്കി മാറ്റി ഖത്തര്‍ അമീറിന്റെ നേതൃപാടവം

single-img
12 September 2017

ദോഹ: ഖത്തറിന്മേല്‍ സൗദി സഖ്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ട് നൂറുദിവസങ്ങള്‍ പിന്നിടുകയാണ്.  തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചായിരുന്നു ഖത്തറിനുമേല്‍ നയതന്ത്രസാമ്പത്തിക, കര, വ്യോമ, അതിര്‍ത്തി ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഉപരോധം നേട്ടങ്ങളുടേതാക്കി മാറ്റുകയായിരുന്നു ഖത്തര്‍.

ജൂണ്‍ അഞ്ചിനാണ് ഉപരോധം ആരംഭിച്ചത്. നൂറുദിനങ്ങള്‍ കടന്നുപോകുമ്പോള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന ഭരണാധികാരിയുടെ നേതൃപാടവമാണ് ശ്രദ്ധേയമാകുന്നത്. ഖത്തറിലെ 26 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതം സാധാരണനിലയില്‍ ഉറപ്പാക്കികൊണ്ടായിരുന്നു അമീറിന്റെയും പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടേയും മാര്‍ഗനിര്‍ദേശത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. പ്രതിസന്ധി സങ്കീര്‍ണ്ണമായ സാഹചര്യത്തിലും ഖത്തര്‍ അമീറിന്റെ നീക്കത്തിന് രാജ്യത്തെ ജനങ്ങളുടെ പൂര്‍ണപിന്തുണയും ഉണ്ടായിരുന്നു.

ഹമദ് തുറമുഖത്തെ മേഖലയിലെ ഏറ്റവും വലിയ തുറമുഖമാക്കി മാറ്റാനുള്ള പാതയിലേക്ക് രാജ്യം പ്രവേശിച്ചുവെന്നതാണ് ഉപരോധത്തിന്റെ പ്രധാനനേട്ടം. ഇതിന് പുറമെ കര്‍ഷകര്‍ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിച്ചു, ക്ഷീരോത്പാദന മേഖല സ്വയം പര്യാപ്തതയുടെ പാതയിലേക്ക് പ്രവേശിച്ചു, ഗുണമേന്മയുള്ള കൂടുതല്‍ ഉത്പന്നങ്ങള്‍ സുലഭവുമായി.

ഒമാന്‍, കുവൈത്ത്, ഇന്ത്യ, തുര്‍ക്കി, പാകിസ്താന്‍ എന്നിവിടങ്ങളിലെ വിവിധ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള കപ്പല്‍ സര്‍വീസിന് ഖത്തര്‍ തുറമുഖ മാനേജ്മെന്റ് (മവാനി ഖത്തര്‍) തുടക്കമിട്ടു. ഇതോടെ രാജ്യത്തെ തുറമുഖവ്യാപാരമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനും തുടക്കമായി. ഇറക്കുമതികയറ്റുമതി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടി. തുര്‍ക്കി, ഒമാന്‍, കുവൈത്ത് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി കമ്പനികളുമായി വാണിജ്യ, വ്യാപാര കരാറുകളില്‍ ഒപ്പിട്ടു.
വിദേശരാജ്യങ്ങളുമായുള്ള വ്യാപാരവാണിജ്യ ഇടപാടുകള്‍ വര്‍ധിച്ചു. തുര്‍ക്കിയില്‍നിന്ന് റോഡ് മാര്‍ഗം ഇറാന്‍ വഴി രാജ്യത്തേക്ക് പുതിയ വ്യാപാരപാതയ്ക്ക് തുടക്കമായി. പുതിയ ഇറക്കുമതി കേന്ദ്രങ്ങളേയും വിതരണക്കാരേയും കണ്ടെത്തിയതോടെ 2022 ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ ഉപരോധം ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.