നാദിര്‍ഷ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല

single-img
12 September 2017

കൊച്ചി: നാദിര്‍ഷ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെങ്കില്‍ പൊലീസ് നോട്ടീസ് നല്‍കണമെന്ന കടുംപിടുത്തത്തില്‍ നാദിര്‍ഷ ഉറച്ചുനില്‍ക്കുകയാണെന്നാണ് സൂചന. അതേസമയം അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള നാളത്തെ ഹൈക്കോടതി വിധി വരെ കാത്തിരിക്കാനാണ് പൊലീസിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സന്നദ്ധത നാദിര്‍ഷാ നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതിനായി രേഖാമൂലം നോട്ടീസ് നല്‍കണമെന്നാണ് നടന്റെ ഇപ്പോഴത്തെ ആവശ്യം. അതേസമയം ഈ മാസം ആറിന് ഹാജരാകണമെന്ന് കാട്ടി നേരത്തേ തന്നെ നോട്ടീസ് നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു നേരത്തെ അന്വേഷണ സംഘം.

എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കപ്പെട്ട് നാദിര്‍ഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലേക്കാണ് ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നാദിര്‍ഷയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ നാളെ കോടതിയെ അറിയിക്കും. അതേസമയം നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യം കോടതി കള്ളുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥരും.

കഴിഞ്ഞ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി. അഞ്ച് ദിവസത്തോളം ഇവിടെ ചികിത്സയില്‍ കഴിഞ്ഞ നാദിര്‍ഷ ഞായറാഴ്ച രാത്രിയോടെ കൂട്ടുകാര്‍ക്കൊപ്പം ആശുപത്രി വിട്ടിരുന്നു. ആശുപത്രി വിട്ടാലുടന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നാദിര്‍ഷയോട് അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ ബൈജു പൗലോസ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, പിന്നീട് എവിടേക്കാണ് പോകുന്നതെന്ന് സംബന്ധിച്ച് ആര്‍ക്കും യാതൊരു സൂചനയും നല്‍കാതെയാണ് സംവിധായകന്‍ ആശുപത്രി വിട്ടത്.

കാര്‍ ആശുപത്രിയ്ക്ക് പുറത്ത് നിര്‍ത്തിയാണ് നാദിര്‍ഷ സ്ഥലം വിട്ടത്. ചോദ്യം ചെയ്യലിനായി നാദിര്‍ഷ പൊലീസ് ക്ലബ്ബില്‍ ഹാജരാകുമെന്ന് പ്രതീക്ഷിച്ച് ഇന്നലെ പകല്‍സമയം മുഴുവന്‍ അന്വേഷണസംഘം കാത്തിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. ഇതേ തുടര്‍ന്നാണ് ഇനി നോട്ടീസ് നല്‍കി വിളിപ്പിക്കേണ്ടതില്ലെന്നും നാളത്തെ ഹൈക്കോടതി വിധി വരെ കാത്തിരിക്കാമെന്നുമുള്ള പൊലീസിന്റെ നിലപാട്.