അനിതയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഇളയദളപതി എത്തി

single-img
11 September 2017

ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ വീട്ടില്‍ നടന്‍ വിജയ് സന്ദര്‍ശനം നടത്തി. നീറ്റിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് വിജയ്യുടെ സന്ദര്‍ശനം. അനിതയുടെ സഹോദരന്‍ മണികണ്ഠനെ വിജയ് ആശ്വസിപ്പിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ദലിത് വിദ്യാര്‍ഥിനിയായ എസ്.അനിത (17) ജീവനൊടുക്കിയത്. പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1176 മാര്‍ക്ക് അനിത നേടിയിരുന്നു. തമിഴ്‌നാട്ടിലെ മെഡിക്കല്‍ പ്രവേശനത്തിനു ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിയമ യുദ്ധം നടത്തിയത് അനിതയായിരുന്നു.

98% മാര്‍ക്കോടെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കിയിരുന്ന അനിതയ്ക്കു നീറ്റ് പരീക്ഷയില്‍ ലഭിച്ചത് 700ല്‍ 86 മാര്‍ക്ക് മാത്രമായിരുന്നു. ഇതോടെ ഡോക്ടറാകുകയെന്ന സ്വപ്നം പൊലിഞ്ഞു. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്‌റോനോട്ടിക് എന്‍ജിനീയറങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജിലും അനിതയ്ക്ക് സീറ്റ് ലഭിച്ചിരുന്നു.

പക്ഷേ അതുകൊണ്ടൊന്നും നിരാശ മാറിയില്ല. ഇതേ തുടര്‍ന്നാണ് അനിത വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തമിഴ്‌നാട് സാക്ഷ്യം വഹിച്ചിരുന്നു. സിനിമാക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രജനികാന്ത്, കമല്‍ഹാസന്‍, ജി.വി പ്രകാശ്, പാ രഞ്ജിത് എന്നിവര്‍ അനിതയുടെ ആത്മഹത്യയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. നടന്‍ സൂര്യ നീറ്റിനെതിരെ ലേഖനവും എഴുതിയിരുന്നു. തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികള്‍ക്കു നീറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ ഇളവ് അനുവദിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടാണെന്നും അനിത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു.