ബാംഗ്ലൂരിലേക്കു പോകുന്ന ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി: ട്രെയിനുകള്‍ ബാനസവാഡിയില്‍ യാത്ര അവസാനിപ്പിക്കും: ശേഷിക്കുന്ന 45 കിലോമീറ്റര്‍ ബസ്സോ, കാറോ ഓട്ടോയോ പിടിച്ചുപോകണം

single-img
11 September 2017

ബെംഗളൂരു: കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിനുകള്‍ ബാനസവാഡി വരെ മാത്രമാക്കി ചുരുക്കി റെയില്‍വെ. ബാംഗ്ലൂരിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്നതാണ് റെയില്‍വെയുടെ പതിയ തീരുമാനം. ബെംഗളൂരു സിറ്റി, യശ്വന്ത്പുര്‍ എന്നിവിടങ്ങളിലേക്ക് ഇനി കേരള വണ്ടികള്‍ കടത്തിവിടേണ്ടതില്ലെന്ന് റെയില്‍വെ വ്യക്തമാക്കി.

രണ്ടു സ്റ്റേഷനകള്‍ക്ക് മുമ്പുള്ള ബാനസവാടിയില്‍ ട്രെയിനുകള്‍ യാത്ര അവസാനിപ്പിക്കും. അടുത്ത വര്‍ഷം ജനുവരി മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക. അതേസമയം കണ്ണൂര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസിന് യശ്വന്ത്പുര്‍ വരെ യാത്ര നടത്തുന്നതിന് റെയില്‍വെ അനുമതി നല്‍കിയിട്ടുണ്ട്.

മറ്റ് ഭൂരിഭാഗം വണ്ടികളും ബാനസവാടിയില്‍ യാത്ര അവസാനിപ്പിക്കും. ബാനസവാടിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 45 കിലോമീറ്റര്‍ യാത്രയുണ്ട്. പ്രധാന ജംങ്ഷനുകളിലെ തിരക്ക് ഒഴിവാക്കാനാണ് നടപടിയെന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ക്കൊന്നും യാതൊരു വിലക്കുമില്ല. സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് റെയില്‍വെ ഇത്തരത്തിലൊരു നടപടി എടുത്തെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.