ജിഎസ്ടി വന്നതിനു ശേഷം വില കുറയ്ക്കാത്തവര്‍ക്കെതിരെ നടപടിയെന്ന് ധനമന്ത്രി: ’75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജിഎസ്ടി ഈടാക്കരുത്’

single-img
11 September 2017

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മൂന്നു മാസം കഴിഞ്ഞേ പ്രതികരണം പറയാനാകൂയെന്നും ഐസക് വ്യക്തമാക്കി. ജി.എസ്.ടി നിലവില്‍ വന്നതിനു ശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്ക് എതിരെ നടപടി എടുക്കുമെന്നും ഐസക്ക് പറഞ്ഞു. ജി.എസ്.ടി വന്നതിനു ശേഷവും സംസ്ഥാനത്ത് വില വര്‍ധനവ് ഉണ്ടായെന്നും തോമസ് ഐസക്ക് തുറന്ന് സമ്മതിച്ചു.

75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ ജിഎസ്ടി ഈടാക്കരുത് ധനമന്ത്രി വ്യക്തമാക്കി. കുപ്പി വെള്ളത്തിന് എംആര്‍പി വിലയെ കൂടാതെ നികുതി ഈടാക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകും. ഹോട്ടല്‍ ഭക്ഷണവില നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ധനമന്ത്രി തോമസ് ഐസക് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

ജി.എസി.ടിയുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കാനുള്ള സ്‌ക്രീനിങ് കമ്മറ്റി ഈ ആഴ്ച രൂപീകരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. നിലവില്‍ വരുമാനത്തില്‍ 500 കോടിയുടെ കുറവുണ്ട്. ജിഎസ്ടി നടത്തിപ്പിലെ വീഴ്ച മന്ത്രിതല സമിതി പരിശോധിക്കും.

ജിഎസ്ടിക്ക് മുമ്പും ശേഷവുമുളള വില ശേഖരിക്കുമെന്നും വില കുറക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുമെന്നും ഐസക് വ്യകതമാക്കി. നേരത്തെ കയര്‍ കേരള മേളയോടനുബന്ധിച്ച് തോമസ് ഐസക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജിഎസ്ടി സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിച്ചെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു.