യൂണിഫോം ധരിക്കാത സ്‌കൂളില്‍ എത്തി: പെണ്‍കുട്ടിയെ അദ്ധ്യാപകര്‍ ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ നിര്‍ത്തി

single-img
11 September 2017

ഹൈദരാബാദ്: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയതിന് 11കാരിയായ വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകര്‍ നിര്‍ബന്ധിച്ച് ആണ്‍കുട്ടികളുടെ ശൗചാലയത്തില്‍ പറഞ്ഞയച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് അദ്ധ്യാപകരുടെ ക്രൂരത അരങ്ങേറിയത്. അടുത്തിടയായി സ്‌കൂളുകളില്‍ നടക്കുന്ന പീഡനങ്ങളുടെ ഞെട്ടല്‍ മാറും മുമ്പാണ് മറ്റൊരു ക്രൂര സംഭവം കൂടി പുറത്തുവരുന്നത്.

ക്ലാസ്മുറിയിലേക്ക് പോകുമ്പോള്‍ സ്‌കൂളിലെ കായിക അധ്യാപിക പെണ്‍കുട്ടിയോട് യൂണിഫോം ധരിക്കാത്തന്തെന്ന് ചോദിച്ചു. യൂണിഫോം അമ്മ കഴുകാന്‍ ഇട്ടിരിക്കുകയാണെന്നും ഈ കാരണം അറിയിച്ചുകൊണ്ട് ഡയറിയില്‍ മാതാപിതാക്കള്‍ കുറിപ്പ് എഴുതിയിട്ടുണ്ടെന്നും കുട്ടി മറുപടി പറഞ്ഞു.

എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അധ്യാപിക വിദ്യാര്‍ത്ഥിനിയെ ആണ്‍കുട്ടികളുടെ മൂത്രപുരയിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകയും അവിടെ നില്‍ക്കാന്‍ പറയുകയുമായിരുന്നു. തന്നെ നോക്കി മറ്റ് കുട്ടികള്‍ കളിയാക്കി എന്നും പെണ്‍കുട്ടി പറയുന്നു.

കുറച്ചു സമയങ്ങള്‍ക്ക് ശേഷമാണ് ക്ലാസ്സ്മുറിയിലേക്ക് പോകാനുളള അനുമതി നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നു. കുട്ടിയുടെ പരാതി മാതാപിതാക്കള്‍ വീഡിയോയാക്കി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഇതേത്തുടര്‍ന്ന് അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അധ്യാപികയ്ക്ക് നേരെ പോസ്‌കോ നിയമം പ്രകാരം കേസ് എടുത്തിട്ടുണ്ട്.