വര്‍ഗീയ പ്രസംഗം നടത്തിയതിന് ശശികലക്കെതിരെ കൊച്ചിയിലും കോഴിക്കോട്ടും കേസെടുത്തു

single-img
11 September 2017

ആര്‍.എസ്.എസ് വിരുദ്ധ നിലപാടുള്ള എഴുത്തുകാരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസെടുത്തത്.

വി.ഡി. സതീശന്‍ എം.എല്‍.എയും ഡി.വൈ.എഫ്.ഐയും നല്‍കിയ പരാതിയിലാണ് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചെന്ന വകുപ്പ് പ്രകാരം പറവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ശശികലയ്‌ക്കെതിരെ കോഴിക്കോട് കസബ പൊലീസും കേസെടുത്തിട്ടുണ്ട്. 2006ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. മാറാട് കലാപവുമായി ബന്ധപ്പെട്ട് മതവിദ്വേഷം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് കേസ്.

പ്രസംഗത്തിനെതിരെ ഈ വര്‍ഷം കാസര്‍കോട് പോലീസിലാണ് പരാതി ലഭിച്ചിരുന്നത്. ഈ പരാതി കസബ പോലീസിന് കൈമാറി. എന്നാല്‍ ശശികല തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രസംഗവുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും, വീഡിയോകളും ശേഖരിക്കാനും, സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

പറവൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയിലാണ് ശശികല വിദ്വേഷ പ്രസംഗം നടത്തിയത്. മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്നും അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ അവസ്ഥ വരുമെന്നുമാണ് ശശികല പറഞ്ഞത്.

സംഘപരിവാറിനെതിരെ സംസാരിക്കുന്ന എഴുത്തുകാരെ കുറിച്ച് പ്രസംഗിച്ചപ്പോഴായിരുന്നു ശശികല ഇത്തരം പരാമര്‍ശം നടത്തിയത്. ശശികലയുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളയുവര്‍ രംഗത്തെത്തി. ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.