സര്‍ക്കാര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പന്ത്രണ്ടുവയസ്സുകാരന്‍ അറസ്റ്റില്‍

single-img
11 September 2017

 

മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ ഏഴു വയസ്സുകാരിരെ പീഡിപ്പിച്ച പന്ത്രണ്ടുവയസ്സുകാരന്‍ അറസ്റ്റില്‍. സര്‍ക്കാര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ കൗമാരക്കാരനാണ് അറസ്റ്റിലായത്.

ഒന്നര വര്‍ഷം മുമ്പ് ദകോലിയില്‍ എത്തിയ പ്രതി ബന്ധുവിനൊപ്പമാണ് താമസിക്കുന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതായും പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ പാല്‍ വാങ്ങാന്‍ സമീപത്തുള്ള കടയിലേക്ക് പോയ പെണ്‍കുട്ടിയെ കൗമാരക്കാരന്‍ തടഞ്ഞുനിര്‍ത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഓട്ടോറിക്ഷ ഡ്രൈവറുടെ മകളാണ് പീഡനത്തിന് ഇരയായത്. രാവിലെ പാല്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് തിരിച്ചെത്തി സംഭവിച്ച കാര്യങ്ങള്‍ പറയുകയായിരുന്നു. എന്നും സ്‌കൂളില്‍ പോകുമ്പോള്‍ ഈ കൗമാരക്കാരന്‍ തന്നെ തടഞ്ഞുനിര്‍ത്താറുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവ ദിവസം വഴിയില്‍ വച്ച് തടഞ്ഞുനിര്‍ത്തിയ ഇയാള്‍ തന്റെ വായ്‌പൊത്തിപ്പിടിച്ച് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നും പിന്നീട് ഇയാള്‍ ഓടി രക്ഷപ്പെട്ടുവെന്നും കുട്ടി പറഞ്ഞു. കുട്ടി വീട്ടിലെത്തിയപ്പോള്‍ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞുവെന്നും വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം പരാതിപ്പെട്ടുവെങ്കിലും പോലീസ് കേസെടുക്കാന്‍ വൈകിയെന്നും മകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലും പോലീസ് ആദ്യം തയ്യാറായില്ലെന്നും പിതാവ് ആരോപിച്ചു. വൈകിട്ടോടെയാണ് കേസെടുത്തതും വൈദ്യപരിശോധന നടത്തിയതും. എന്നാല്‍ പിതാവിന്റെ ആരോപണം പോലീസ് നിഷേധിച്ചു.