സ്വാശ്രയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി രാജേന്ദ്രബാബു കമ്മീഷന്‍: ‘പ്രവേശനത്തിന് ബ്ലാങ്ക് ചെക്ക് വാങ്ങരുത്’

single-img
11 September 2017

സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ കര്‍ശന നിബന്ധനയുമായി ഡോ. രാജേന്ദ്രബാബു കമ്മീഷന്‍. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളില്‍നിന്നു ബ്ലാങ്ക് ചെക്ക് വാങ്ങരുതെന്ന് ഫീസ് നിര്‍ണയ സമിതി അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്ര ബാബു നിര്‍ദ്ദേശിച്ചു.

ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് തലവരിയായി കണക്കാക്കും. ഒരു വര്‍ഷത്തേക്കുള്ള ബാങ്ക് ഗ്യാരന്റി മാത്രമേ വിദ്യാര്‍ഥികളില്‍നിന്നു വാങ്ങാവു എന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സുപ്രീം കോടതിയും ഹൈക്കോടതിയും നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശമനുസരിച്ച് ഒന്നില്‍ കൂടുതല്‍ വര്‍ഷത്തേക്ക് ബാങ്ക് ഗ്യാരണ്ടി വാങ്ങുന്നത് നിയമലംഘനമാണെന്നും ഡോ. രാജേന്ദ്ര ബാബു കമ്മീഷന്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഈ ഉത്തരവ് നല്‍കിയിരിക്കുന്നത്. പല സ്വാശ്രയ കോളേജുകളും വിദ്യാര്‍ത്ഥികളില്‍ നിന്ന് രണ്ടും മൂന്നും വര്‍ഷത്തേക്കുള്ള ബാങ്ക് ഗ്യാരന്റി വാങ്ങുന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമേകുന്നതാണ് നിര്‍ദ്ദേശം.

സുപ്രീം കോടതി ഉത്തരവ് പ്രകാരം സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം 11 ലക്ഷംരൂപയാണ് വാര്‍ഷിക ഫീസ്. ഇതില്‍ അഞ്ച് ലക്ഷം പണമായിത്തന്നെ നല്‍കണം. ബാക്കി തുകയ്ക്കാണ് ബാങ്ക് ഗ്യാരന്റി നല്‍കേണ്ടത്. ബാങ്ക് ഗ്യാരന്റി ഈ മാസം 15 ന് മുന്‍പായി നല്‍കേണ്ടതുണ്ട്.

ഇത്തവണത്തെ മെഡിക്കല്‍ കോഴ്‌സിന്റെ അന്തിമ ഫീസ് മൂന്ന് മാസത്തിനകം നിര്‍ണയിക്കാന്‍ സുപ്രീം കോടതി രാജേന്ദ്ര ബാബു കമ്മറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇത്തവണത്തെ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷംരൂപ ഏകീകൃത ഫീസായി രാജേന്ദ്ര ബാബു കമ്മിറ്റി നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതിനെ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.