എന്‍സിപിയെയും എന്‍ഡിഎയിലേക്ക് റാഞ്ചാന്‍ ശ്രമം: ശരത് പവാറിന്റെ മകള്‍ക്ക് കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു?

single-img
11 September 2017

മുംബൈ: എന്‍സിപിയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി എന്‍സിപി തലവന്‍ ശരത് പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെയ്ക്ക് പ്രധാനമന്ത്രി കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന് ശിവസേന ആരോപിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്‍സിപി എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ സുപ്രിയയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം നല്‍കാമെന്ന് നരേന്ദ്ര മോദി വാഗ്ദാനം ചെയ്‌തെന്ന് ശരത് പവാര്‍ തന്നോട് പറഞ്ഞതായി ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറയുന്നു. നരേന്ദ്ര മോദിയുമായി ശരത് പവാറും സുപ്രിയയും നടത്തിയ കൂടിക്കാഴ്ചയില്‍ തന്റെ മന്ത്രിസഭയില്‍ സുപ്രിയ ഉണ്ടായിരിക്കണമെന്ന് മോദി പറഞ്ഞതായി പവാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, എന്‍സിപി, എന്‍ഡിഎയുടെ ഭാഗമാകുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ശരത് പവാര്‍ പറഞ്ഞതായും ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പവാര്‍ എന്തു പറഞ്ഞാലും എന്‍സിപിയുടെ സംസ്ഥാന നേതാക്കള്‍ ബിജെപിയുമായി ബന്ധപ്പെട്ടുവരുന്നതായി സഞ്ജയ് റൗട്ട് തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ ശരത് പവാറുമായി വേദിപങ്കിട്ടിരുന്നു. എന്‍സിപി, എന്‍ഡിഎയുടെ ഭാഗമാകുന്നതിന്റെ ഭാഗമായാണ് ഇതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.