എന്ത് കഴിക്കണം, കഴിക്കരുത് എന്ന് നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്ന് പ്രധാനമന്ത്രി

single-img
11 September 2017

ന്യൂഡല്‍ഹി: എന്ത് കഴിക്കണം, എന്ത് പറയണം എന്ന് നിര്‍ബന്ധിക്കുന്നത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്ന് പ്രധാനമന്ത്രി. രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കളെന്നും അവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്നും മോദി പറഞ്ഞു.

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തില്‍ വിജ്ഞാന്‍ ഭവനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം പ്രാര്‍ഥനാ മുറികള്‍ നിര്‍മിച്ചാല്‍ മതി.

സര്‍വ്വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചരണപരിപാടികള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 2001ന് മുന്‍പ് ഒരു 9/11 ഉണ്ടായിരുന്നു. അത് 1893ല്‍ ആയിരുന്നു. ആ 9/11 സ്‌നേഹത്തെക്കുറിച്ചുള്ളതായിരുന്നു, ഏകതയെക്കുറിച്ചുള്ളതായിരുന്നു, സാഹോദര്യത്തെക്കുറിച്ചുള്ളതായിരുന്നു.

അന്ന് സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ലോകത്തിനു മുന്നില്‍ ഏകത്വത്തിന്റെ ശക്തിയെന്തെന്ന് കാട്ടിക്കൊടുത്തു. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ വെച്ച് സംസാരിച്ചതൊക്കെ ഇവിടുത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായിരുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് കൊണ്ട് മാത്രം വിശ്വാസിയാകില്ലെന്ന് വിവേകാനന്ദന്‍ പറഞ്ഞിരുന്നെന്നും സത്യത്തെ പിന്തുടരുക എന്ന അദ്ദേഹത്തിന്റെ മാര്‍ഗം യുവാക്കള്‍ക്ക് പ്രചോദനമാകണെമെന്നും നരേന്ദ്ര മോദി പറഞ്ഞു. യങ് ഇന്ത്യ ന്യൂ ഇന്ത്യ എന്ന വിഷയത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.

അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് യുജിസി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി യുജിസി നിര്‍ദേശം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.