ഗുര്‍മീതിന്റെ ആശുപത്രിയില്‍ ചട്ടങ്ങള്‍ പാലിക്കാതെ ഗര്‍ഭം അലസിപ്പിച്ചിരുന്നതായി കണ്ടെത്തല്‍

single-img
11 September 2017

ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന ദേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൃത്യമായ ചട്ടങ്ങള്‍ പാലിക്കാതെ ഗര്‍ഭം അലസിപ്പിച്ചിരുന്നതായി കണ്ടെത്തല്‍. ഹരിയാന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സിര്‍സ പരിസരത്തുള്ള ഷാ സത്‌നാം ജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയ്ക്കിടെ നിരവധി ക്രമക്കേടുകളും ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സിര്‍സയിലെ ആശുപത്രി രേഖകള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു.

കൃത്യമായ ചട്ടങ്ങളോ പരിശോധനയോ ഇല്ലാതെയാണ് ആശുപത്രിയില്‍ ഗര്‍ഭം അലസിപ്പിച്ചിരുന്നത് എന്ന് സിര്‍സ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭജോത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കുന്നതിന് മുമ്പ് നടത്തേണ്ട അള്‍ട്രാ സൗണ്ട് പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ ആശുപത്രിയില്‍ നിന്നും കണ്ടെടുക്കാനായിട്ടില്ല.

കുഞ്ഞ് അതിജീവിക്കില്ല എന്ന കാരണത്താലാണ് ഒരു അബോര്‍ഷന്‍. പക്ഷെ ഇതേ സംഭവത്തിലെ മുന്‍കാല റിപ്പോര്‍ട്ടില്‍ കുഞ്ഞിന് ഒരു കുഴപ്പവുമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമം തെറ്റിച്ചാണ് ഗര്‍ഭം അലസിപ്പിച്ചത് എന്ന് തെളിഞ്ഞാല്‍ സിര്‍സയിലെ കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പറയുന്നു.

വ്യാജ രേഖകള്‍ ചമച്ചെന്ന് കണ്ടെത്തിയാല്‍ 8 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്കും മാനേജ്‌മെന്റിനും ആരോഗ്യ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

നേരത്തെ ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തിയുള്ളയാളാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.ശനിയാഴ്ച റോത്തക്കിലെ ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ച ഡോക്ടര്‍മാരാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. പരിശോധനയില്‍ ഗുര്‍മീത് വളരെ ക്ഷീണിതനും ഉത്കണ്ഠാകുലനുമായി കാണപ്പെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാനസികരോഗ വിദഗ്ദ്ധന്‍ ഉള്‍പ്പെയുള്ള മെഡിക്കല്‍ സംഘമാണ് ഗുര്‍മീതിനെ പരിശോധിച്ചത്.

മാനസികാവസ്ഥ പരിശോധിച്ചതിന് ശേഷം ഗുര്‍മീതിന് പ്രത്യേക തരത്തിലുള്ള വിത്‌ഡ്രോവല്‍ സിന്‍ഡ്രം ഉണ്ടെന്നും കണ്ടെത്തി. ലൈംഗിക തൃപ്തി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുര്‍മീത് അസ്വസ്ഥനാണെന്നും അതിന് ചികിത്സ ആരംഭിച്ചുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗുര്‍മീതിനെ ചികിത്സിക്കുക വെല്ലുവിളിയാണെന്നാണ് അവരുടെ അഭിപ്രായം.

അതേസമയം ഗുര്‍മീത് ലഹരിമരുന്നിന് അടിമയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഗുര്‍മീത് ഓസ്‌ട്രേലിയയില്‍ നിന്നുള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന എനര്‍ജി ഡ്രിങ്കുകളും സെക്‌സ് ടോണിക്കുകളും പതിവായി ഉപയോഗിച്ചിരുന്നുവെന്ന് ഗുര്‍മീതിന്റെ ആശ്രമത്തിലെ മുന്‍ അംഗം വെളിപ്പെടുത്തിയിരുന്നു.

ഇത് ശരിവെയ്ക്കുന്ന പരിശോധനാ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഗുര്‍മീതിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ട് പഞ്ചകുള സിബിഐ കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്.