കഞ്ചിക്കോട് കോച്ചുഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ: ഇ വാർത്ത എക്സ്ക്ലൂസീവ്

single-img
11 September 2017

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് നിര്‍ദിഷ്ട കോച്ചുഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതി ഉപേഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. നേരത്തെ കോച്ചുഫാക്ടറി കേന്ദ്രം ഉപേക്ഷിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കാതെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഒഴിഞ്ഞുമാറിയതും ഈ സംശയം ബലപ്പെട്ടിരുന്നു.

എന്നാല്‍ ഇപ്പോള്‍ വിവരവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് റെയില്‍വെ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് കോച്ചുഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതി ഉപേഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2012-2013ല്‍ റെയില്‍വേ ബഡ്ജറ്റില്‍ 550 കോടി രൂപ ചെലവില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കാന്‍ തീരുമാനമായതാണെന്നും കേരള സര്‍ക്കാരില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ പദ്ധതിക്കായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

കൂടാതെ ബിഡ്‌സ് പ്രൊസസ് മാനേജ്‌മെന്റ് റെയില്‍ ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് സര്‍വീസ് (RITES) കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയോഗിച്ചു. പങ്കാളിക്കു വേണ്ടി കരാര്‍ ക്ഷണിച്ചെങ്കിലും പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിച്ച് ആരും രംഗത്ത് വന്നില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

പിന്നീട്, പദ്ധതിയുടെ ഭൗതിക മോഡല്‍, കണ്‍സള്‍ട്ടന്റിലൂടെ നിക്ഷേപത്തെ കൂടുതല്‍ പ്രേരിപ്പിക്കുന്നതിനായി അവലോകനം ചെയ്തു. നിലവില്‍, കോച്ചുകളുടെ ലഭ്യതയെ കുറിച്ചും, എത്രത്തോളം കോച്ചുകൾ നിര്‍മിക്കാൻ പറ്റും എന്നതിനെ കുറിച്ചും അവലോകനം ചെയ്തു വരികയാണെന്നും വിവരവകാശ രേഖ പ്രകാരം വ്യക്തമാക്കുന്നു.

നേരത്തെ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) 2013 ല്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എം.ബി. രാജേഷുമായി നടത്തിയ പ്രാഥമിക ചര്‍ച്ചകളില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനു മുഴുവന്‍ തുകയും മുടക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചതുമാണ്. എന്നാല്‍, പിന്നീടു പല കാരണങ്ങളാല്‍ പദ്ധതി മുന്നോട്ടു നീങ്ങിയില്ല.

മെട്രോ കോച്ചുകള്‍ കൂടി നിര്‍മിക്കത്തക്കവിധം പാലക്കാട് കോച്ച് ഫാക്ടറി പരിഷ്‌കരിക്കുമെന്ന് ഇടക്കാലത്തു റെയില്‍വേ സൂചന നല്‍കിയിരുന്നു. ഭൂമി കണ്ടെത്തിയെങ്കിലും പങ്കാളിയെ ലഭിക്കാതെ മുടങ്ങിക്കിടക്കുന്ന പദ്ധതി ഉപേക്ഷിക്കില്ലെന്നായിരുന്നു ഉന്നത വൃത്തങ്ങള്‍ നേരത്തെ നല്‍കിയ വിശദീകരണം. പങ്കാളിക്കു വേണ്ടി വീണ്ടും കരാര്‍ ക്ഷണിക്കാനായിരുന്നു നീക്കം.

2012 ഫെബ്രുവരി 21നാണ് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിക്ക് തറക്കല്ലിട്ടത്. എങ്ങനെ സ്ഥാപിക്കുമെന്നോ എന്തുതരം കോച്ചുകള്‍ സ്ഥാപിക്കുമെന്നോ വ്യക്തതയില്ലാതിരുന്നതില്‍ പ്രതീക്ഷയറ്റ നിലയിലായിരുന്നു ഇത്.