ദിലീപിനെ കുരുക്കിലാക്കി നടന്‍ അനൂപ് ചന്ദ്രന്റെ മൊഴി: ‘സിനിമാ സെറ്റില്‍ വെച്ച് ഭീഷണിപ്പെടുത്തി’

single-img
11 September 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത്. ദിലീപ് തന്റെ അവസരം ഇല്ലാതാക്കാന്‍ ശ്രമിച്ചെന്നും സിനിമാ സെറ്റില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് അനൂപ് ചന്ദ്രന്റെ ആരോപണം.

ഒരു ചാനല്‍ ചര്‍ച്ചയില്‍ മിമിക്രിയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്നോട് ദിലീപിന് വിദ്വേഷം ഉണ്ടായതെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍പാകെ അനൂപ് ചന്ദ്രന്‍ മൊഴി നല്‍കി. മോസ് ആന്‍ഡ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയത്. ഈ സംഭവത്തിന് ശേഷം നിരവധി അവസരങ്ങള്‍ തനിക്ക് നഷ്ടമായി.

ദിലീപിനൊപ്പം കാര്യസ്ഥന്‍, വിനോദയാത്ര, പാസഞ്ചര്‍, മുല്ല തുടങ്ങി അനേകം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അനൂപ് ചന്ദ്രന്‍. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിദ്വേഷമുണ്ടായിരുന്നുവെന്നും പല സിനിമകളില്‍ നിന്നും നടിയെ ഒഴിവാക്കാന്‍ താരം ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇത് കൂടാതെ നടിയുമായി അനുഭാവം പുലര്‍ത്തിയിരുന്ന പലരെയും ഇത്തരത്തില്‍ മലയാള സിനിമയില്‍ നിന്നും ഒതുക്കാന്‍ താരം ശ്രമിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലുകള്‍ കോടതിയില്‍ സമര്‍ത്ഥിക്കുന്നതിന് അനൂപ് ചന്ദ്രന്റെ മൊഴി നിര്‍ണായകമാണെന്നാണ് റിപ്പോര്‍ട്ട്