അബുദാബിയിലെ നറുക്കെടുപ്പില്‍ 12 കോടി സമ്മാനം ലഭിച്ച മലയാളി ഭാഗ്യവാനെ കണ്ടെത്തി

single-img
11 September 2017

അന്വേഷണങ്ങള്‍ക്കൊടുവില്‍ കോടിപതിയായ ആ മലയാളിയെ കണ്ടെത്തി. അബുദാബിയില്‍ നറുക്കെടുപ്പില്‍ 70 ലക്ഷം ദിര്‍ഹം (12.2 കോടി രൂപ) ലഭിച്ച കൊച്ചി പെരുമ്പാവൂര്‍ കുറുപ്പംപടി വേളൂര്‍ സ്വദേശി മാനേക്കുടി മാത്യുവിനെയാണ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് നശിച്ചതുകൊണ്ടാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ കഴിയാതിരുന്നത്.

നറുക്കെടുപ്പില്‍ വിജയിച്ച ഇദ്ദേഹത്തെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ഏതാനും ദിവസങ്ങളായി അധികൃതര്‍ നടത്തിയ ശ്രമം വിഫലമായിരുന്നു. ഇത് വാര്‍ത്തയായതോടെ ഈ അജ്ഞാത ഭാഗ്യവാനെ കുറിച്ചുള്ള കാത്തിരിപ്പിലായിരുന്നു മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍.

തന്റെ ഫോണ്‍ വെള്ളത്തില്‍ വീണ് കേടായതാണ് പ്രശ്‌നമായതെന്ന് ഇപ്പോള്‍ കേരളത്തിലുള്ള അദ്ദേഹം ബിഗ് ടിക്കറ്റ് അധികൃതരോട് പറഞ്ഞു. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നെടുത്ത ടിക്കറ്റാണ് അല്‍ ഐനിലെ ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന 58കാരന് ഭാഗ്യം കൊണ്ടുവന്നത്.

സമ്മാനത്തുക പാകിസ്താന്‍കാരനുമായി മാത്യു പങ്കുവയ്ക്കും. 500 ദിര്‍ഹത്തിന്റെ ടിക്ക് എടുത്തത് മാത്യൂവാണ്. എന്നാല്‍ ഇതില്‍ 250 ദിര്‍ഹം മാത്യുവും ബാക്കി 250 ദിര്‍ഹം ഒരു പാകിസ്താന്‍കാരനും കര്‍ണാടകക്കാരനും പങ്കിടുകയായിരുന്നു. അതിനാല്‍ ടിക്കറ്റിന് തുക പങ്കുവച്ച രണ്ട് സുഹൃത്തുക്കളുമായി സമ്മാനത്തുകയായ 12.2 കോടി രൂപ പങ്കുവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആറ് മാസത്തിനകം സമ്മാനം നേടിയ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ സമ്മാനത്തുക നല്‍കില്ലെന്നാണ് നിയമം. അങ്ങനെ വന്നാല്‍ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് ചെയ്യുക. സപ്തംബര്‍ 17ന് അല്‍ അയിനിലെത്തുമെന്നും സമ്മാന വാര്‍ത്തയറിഞ്ഞത് മുതല്‍ തന്റെ ഫോണിന് വിശ്രമമില്ലെന്നും മാത്യു പറയുന്നു.

സുഹൃത്തുക്കളും കുടുംബക്കാരും പരിചയക്കാരുമൊക്കെ വിളിക്കുകയാണ്. കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ തന്റെ തിരിച്ചുവരവും കാത്തിരിക്കുകയാണ്. അബുദാബി വിമാനത്താവളത്തില്‍ നറുക്കെടുപ്പ് തുടങ്ങിയ കാലം മുതല്‍ താന്‍ ഇതില്‍ പങ്കെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നുവെന്ന് മാത്യു പറഞ്ഞു. ആഗസ്ത് 24ന് എടുത്ത ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

ഇത്രയും വര്‍ഷം ടിക്കറ്റെടുക്കാന്‍ താന്‍ നിക്ഷേപിച്ച തുക ഇപ്പോള്‍ തിരിച്ചുകിട്ടിയെന്ന് അദ്ദേഹം പറയുന്നു. ഈ പണം കൊണ്ട് എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെ ഒരു പ്ലാനും ഇല്ലെന്നായിരുന്നു മറുപടി. കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന ആളല്ല താനെന്നും കുടുംബവുമായി ചേര്‍ന്ന് ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മാത്യു പറഞ്ഞു.

ഇത് ദൈവം തനിക്ക് നല്‍കിയ സമ്മാനമാണെന്ന് മാത്യു പറഞ്ഞു. രണ്ട് മാസം മുമ്പേ നാട്ടില്‍ വരാനിരുന്നതാണ്. പലകാരണങ്ങളാല്‍ യാത്ര വൈകി. അത് വൈകിയില്ലായിരുന്നുവെങ്കില്‍ സമ്മാനാര്‍ഹമായ ഈ ടിക്കറ്റ് കിട്ടുമായിരുന്നോ? അതുകൊണ്ട് എല്ലാം ആസൂത്രണം ചെയ്യുന്നത് ദൈവമാണെന്നും വര്‍ഷാവസാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.