മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പെയ്ത് വി.എസ്. അച്യുതാനന്ദന്‍

single-img
10 September 2017

തിരുവനന്തപുരം: കേന്ദ്ര ടൂറിസം ഐടി മന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ പരോക്ഷ വിമര്‍ശനം. ഒരു ഇടതുപക്ഷ സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് വിഎസ് കുറ്റപ്പെടുത്തി.

സൗകര്യങ്ങള്‍ക്കായി കണ്ണന്താനം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുകയായിരുന്നു. രാജ്യത്ത് ഫാസിസം നടപ്പാക്കുന്നവരുടെ ചാലകശക്തിയായും ചട്ടുകമായും ഒരു ഇടത് സഹയാത്രികന് മാറാന്‍ കഴിയില്ലെന്നും, വ്യക്തിപരമായ സ്ഥാനലബ്ധിയെക്കാള്‍ വലുതാണ് രാജ്യവും രാഷ്ട്രീയവുമെന്ന് തിരിച്ചറിയേണ്ട സമയത്താണ് അല്‍ഫോണ്‍സ് ഫാസിസ്റ്റ് കൂടാരത്തിലേക്ക് ചേക്കേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ ജീര്‍ണതയാണിത്. കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ ഇതിനെയും പ്രസ്താവനയില്‍ വിഎസ് പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്ന് വിഎസ് പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഎം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശമാണ് ഇടതുപക്ഷത്തിന് അല്‍ഫോണ്‍സ് കണ്ണന്താനം നല്‍കുന്നതെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.