നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ ഒഴിച്ചു

single-img
10 September 2017

നടന്‍ ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ് പൂക്കോടുള്ള വീടിന്റെ ഭിത്തിയിലും ഗെയ്റ്റിലും മുറ്റത്തുമെല്ലാമാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നതായി ഇന്ന് രാവിലെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച രാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആണ് കരിഓയില്‍ ഒഴിച്ചത്.

ദിലീപിനെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയാണോ അതോ അക്രമരാഷ്ട്രീയത്തിനെതിരായ വിമര്‍ശനങ്ങളാണോ കരിഓയില്‍ പ്രയോഗത്തിന് പിന്നിലെ വൈരാഗ്യമെന്ന് വ്യക്തമല്ല. പൂക്കോട് ഇരുപത് വര്‍ഷത്തോളമായി ശ്രീനിവാസന് വീടുണ്ട്. പക്ഷേ ഇപ്പോള്‍ സൂക്ഷിപ്പുകാരന്‍ മാത്രമാണ് ഇവിടെ താമസം.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ശ്രീനിവാസന്റെ വീട് ആക്രമിക്കപ്പെടുന്നത്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ല. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.